LiveTV

Live

Kerala

വ്യാജ രേഖ കേസില്‍ സിറോ മലബാര്‍ സഭയിലെ ഭിന്നത രൂക്ഷമാവുന്നു

വ്യാജ രേഖ കേസില്‍ സിറോ മലബാര്‍ സഭയിലെ ഭിന്നത രൂക്ഷമാവുന്നു

വ്യാജ രേഖ കേസില്‍ സിറോ മലബാര്‍ സഭയിലെ ഭിന്നത രൂക്ഷമാവുന്നു. ആദിത്യ അടക്കമുള്ള കേസിലെ പ്രതികള്‍ക്ക് ഒരു വിഭാഗം വൈദികര്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം മറനീക്കി പുറത്ത് വന്നത്. മുകളില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം നടക്കുന്നതെന്നും വ്യക്തമായ തിരക്കഥ ഇതിന് പിന്നിലുണ്ടന്നും വൈദികര്‍ ആരോപിച്ചു.

ഭൂമി വിവാദത്തെ തുടര്‍ന്നുണ്ടായ വ്യാജരേഖ കേസിലും സിറോ മലബാര്‍ സഭക്കു കീഴിലെ വൈദികര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. കേസില്‍ പ്രതികളായ ആദിത്യക്കും വൈദികര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് സഭയിലെ ഒരു വിഭാഗം വൈദികര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ചില തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചതല്ലാതെ പ്രതിസ്ഥാനത്തുള്ളവര്‍ മറ്റൊന്നും ചെയ്തിട്ടില്ലന്നാണ് വൈദികര്‍ പറയുന്നത്. കേസിലെ മൂന്നാം പ്രതി ആദിത്യന് കോന്തുരുത്തി ഇടവകയില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് വൈദികരുടെ പ്രതികരണം. കൃത്യമായ തെളിവുകളുള്ള ഭൂമി വിവാദത്തില്‍ നടക്കാതിരുന്ന അന്വേഷണം വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് വ്യാജരേഖാ കേസില്‍ നടക്കുന്നതെന്നും വൈദികര്‍ പറഞ്ഞു.

ഫാ: പോള്‍ തേലക്കാട്ട്, ഫാ : ടോണി കല്ലൂക്കാരന്‍ എന്നിവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടയിലാണ് പരസ്യ പ്രതികരണവുമായി വൈദികര്‍ രംഗത്ത് വന്നിരിക്കുന്നത്. ഭിന്നത പ്രകടമാക്കി വൈദികര്‍ തന്നെ രംഗത്ത് വന്നത് സഭയില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാമെന്നാണ് സൂചന.