LiveTV

Live

Kerala

കാസര്‍കോട് പരപ്പയില്‍ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാപകല്‍ സമരം

കാസര്‍കോട് പരപ്പയില്‍ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാപകല്‍ സമരം

കാസര്‍കോട് പരപ്പയില്‍ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാപകല്‍ സമരം. പരപ്പ മുണ്ടത്തടത്ത് ആദിവാസി കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ സമരം ആരംഭിച്ചത്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് ആവശ്യം.

എട്ട് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച ക്വാറി ഇപ്പോള്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് അപകട ഭീതിയിലായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദിവാസികള്‍ ഉള്‍പ്പെടെ 70 ഓളം കുടുംബങ്ങളാണ് ക്വാറിക്ക് പരിസരത്തെ താമസക്കാര്‍. ക്വാറിയോട് ചേര്‍ന്ന് ക്രഷര്‍ യൂണിറ്റ് കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ക്വാറി ഉടമകള്‍. ഹൈക്കോടതി വിധി സമ്പാദിച്ച് പൊലീസ് സംരക്ഷണയിലാണ് ഇപ്പോള്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ ക്വാറിക്ക് വേണ്ട അനുമതി പത്രങ്ങള്‍ ക്വാറി ഉടമ അനധിക‍ൃതമായാണ് സമ്പാദിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്.‌‌ ക്വാറിക്കെതിരെ സംഘടിക്കുമ്പോള്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്നും, കനത്ത പാരിസ്ഥിതിക ആഘാതമാണ് ക്വാറി പ്രദേശത്തുണ്ടാക്കുന്നതെന്നും സമരസമിതി നേതാവ് പറയുന്നു.

പ്രദേശത്ത് എല്ലാകാലത്തും ഒഴുകിക്കൊണ്ടിരുന്ന നീര്‍ച്ചാലുകളും ഇപ്പോള്‍ വറ്റി വരണ്ടിരിക്കുന്നു, ക്വാറിയിലെ ഉഗ്ര സ്ഫോടനങ്ങള്‍ പ്രദേശത്തെ വീടുകളുടെ ചുമരുകളില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്നും സമരക്കാര്‍ പറയുന്നു. ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സമരക്കാര്‍.