LiveTV

Live

Kerala

ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത

പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. 

ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത

ഇലക്ടോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യമാണെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ വാദങ്ങളെ ചൊല്ലി മുസ്‍ലിം ലീഗില്‍ ഭിന്നത. ഇവിഎം ക്രമക്കേട് ഉണ്ടെന്ന് പറയുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ഫിറോസിന്റെ നിലപാടിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ രംഗത്ത് വന്നു. ഇവിഎം ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്ന് മുഈനലി പറ‍ഞ്ഞു.

ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയതിനെ പിന്നാലെയായിരുന്നു ഇവിഎം ക്രമക്കേട് ഉണ്ടെന്ന് പറയുന്നത് ജനാധിപത്യ ദുര്‍ബലപ്പെടുത്തുമെന്ന നിലപാടുമായുള്ള പി.കെ ഫിറോസിന്റെ രംഗ പ്രവേശനം. ആര്‍.എസ്.എസിന്റെ കെണിയില്‍ വീണ പ്രതിപക്ഷത്തിന് മോദി സര്‍ക്കാരിനെതിരായ ജനവികാരത്തെ പ്രചരണ രംഗത്ത് ഉപയോഗപ്പെടുത്താനാകാതെ പോയെന്നുമായിരുന്നു ഫിറോസിന്റെ വാദം. ഇവിഎമ്മില്‍ ക്രമക്കേടുകളില്ലെന്ന് ഫിറോസ് ആവര്‍ത്തിച്ചു വിശദീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍കള്‍ തന്നെ ഫിറോസിന് മറുപടിയായി രംഗത്ത് എത്തി. തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ തന്നെ ഫിറോസിനെ പരസ്യമായി തിരുത്തിയത്.

ഫിറോസിന്റെ വാദങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലായിരുന്നു കെ.എം ഷാജി എം.എല്‍.എയുടെ മറുപടി. ഫാസിസത്തിന് കീഴടങ്ങുന്നതാണ് ഇവിഎമ്മിനെ അനുകൂലിച്ചുള്ള വാദങ്ങളെന്നായിരുന്നു ഷാജിയുടെ നിലപാട്. മോദി മഹാനാണെന്ന പ്രചാരണം പോലെ തന്നെ അത്ര നിഷ്കളങ്കമല്ല ഇവിഎം ന്യായീകരണമെന്നും കൂടി ഷാജി കുറ്റപ്പെടുത്തുകയും ചെയ്തു. ഇത്തരം പ്രസ്താവനങ്ങള്‍ നടത്തരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയ കാര്യം കൂടി മുഈനലി തങ്ങള്‍ ചൂണ്ടികാട്ടിയത് ഫിറോസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.