LiveTV

Live

Kerala

ബാലഭാസ്കറിന്റെ അപകടമരണം; ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു

ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത് .

ബാലഭാസ്കറിന്റെ അപകടമരണം; ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദുരൂഹതയേറി. കേസിൽ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്കറിന്റെ സംഗീത പരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡി.ആർ.ഐ.യിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ഇരുവരുടേയും പങ്ക് അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

ബാലഭാസ്കർ മരിച്ച അപകടവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയുടേയും വിഷ്ണുവിന്റെയും പ്രവർത്തികളിൽ സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നുമാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘത്തിന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഇവർ ബാലഭാസ്കറിന്റെ മാനേജർമാരല്ലെന്നും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നെന്നുമാണ് ഭാര്യ ലക്ഷ്മിയുടെ നിലപാട്. വിഷ്ണുവുമായി ബാലഭാസ്കറിന് ചെറുപ്പം മുതൽ തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നുണ്ട്. . വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇയാൾ ആ സമയത്തും സ്ഥിരമായി വിദേശയാത്രകൾ ചെയ്യാറുണ്ടായിരുന്നു.

ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കൾ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്കറിന്റെ അച്ഛന്റെ ആരോപണം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം ഡി.ആർ.ഐ യിൽ നിന്നും വിവരം ശേഖരിച്ചു. പ്രകാശൻ തമ്പിയെയും വിഷ്ണുവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.