LiveTV

Live

Kerala

സിറോ മലബാർ വ്യാജരേഖാ കേസ്: വൈദികരെ രണ്ടാം ദിവസവും ചോദ്യംചെയ്തു

ഒന്നാം പ്രതി ഫാദര്‍ പോൾ തേലക്കാടിനെയും നാലാം പ്രതി ഫാദര്‍ ആന്റണി കല്ലൂക്കാരനെയും എറണാകുളം സൈബർ സെൽ ഓഫീസിലാണ് ഇന്ന് ചോദ്യം ചെയ്തത്.

സിറോ മലബാർ വ്യാജരേഖാ കേസ്: വൈദികരെ രണ്ടാം ദിവസവും ചോദ്യംചെയ്തു

സിറോ മലബാർ സഭാ വ്യാജരേഖാ കേസിൽ പ്രതികളായ വൈദികർ രണ്ടാം ദിവസവും ചോദ്യംചെയ്യലിന് ഹാജരായി. ഒന്നാം പ്രതി ഫാദര്‍ പോൾ തേലക്കാടിനെയും നാലാം പ്രതി ഫാദര്‍ ആന്റണി കല്ലൂക്കാരനെയും എറണാകുളം സൈബർ സെൽ ഓഫീസിലാണ് ഇന്ന് ചോദ്യം ചെയ്തത്. ഇരുവരുടെയും ലാപ് ടോപ്പും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

നാലാം പ്രതി ഫാദർ ആന്റണി കല്ലൂക്കാരൻ രാവിലെ ആലുവ ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായെങ്കിലും അന്വേഷണസംഘം കൊച്ചിയിലെ സൈബർ സെൽ സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ഫാ. പോൾ തെലക്കാടും സ്റ്റേഷനിൽ ഹാജരായി. കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധന വിധേയമാക്കി. അതേസമയം ചോദ്യം ചെയ്യലിനോട് പ്രതികൾ പൂർണമായും സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജൂൺ 5 വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുവദിച്ചിരിക്കുന്ന സമയം.

ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി ആദിത്യനെയും വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തും. പോൾ തെലക്കാട്ടിന്റെ നിർദേശ പ്രകാരം ആന്റണി കല്ലൂക്കാരനാണ് ആദിത്യനെ കൊണ്ട് കർദിനാലിനെതിരെ വ്യാജരേഖ ചമച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആഡംബര ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നതാണ് കേസിനാസ്പദമായ പരാതി.