LiveTV

Live

Kerala

ഖാദർ കമ്മിറ്റി റിപ്പോർട്ട്: പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രവേശനോൽസവം ബഹിഷ്കരിക്കും

ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ ലയനമാണ് ഖാദർ കമ്മിറ്റി ശിപാർശ ചെയ്യുന്നത്.

ഖാദർ കമ്മിറ്റി റിപ്പോർട്ട്: പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രവേശനോൽസവം ബഹിഷ്കരിക്കും

ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാതല പ്രവേശനോൽസവം ബഹിഷ്കരിക്കുന്ന അധ്യാപകർ തുടർ സമരങ്ങളും നടത്തും. സമരത്തിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ ലയനമാണ് ഖാദർ കമ്മിറ്റി ശിപാർശ ചെയ്യുന്നത്.

ചുവപ്പുവൽക്കരിക്കുന്ന വികലമായ വിദ്യാഭ്യാസ നയമാണ് സർക്കാർ തുടരുന്നതെന്നും ഇതിനെതിരായി അധ്യാപകർ നടത്തുന്ന സമരത്തിന് പിന്തുണയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാതി മാത്രം വെന്ത റിപ്പോർട്ടാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടെന്നും ഇത് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തെ തകർക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന, ജില്ലാതല പ്രവേശനോൽസവം ബഹിഷ്കരിക്കുന്ന അധ്യാപകർ അന്ന് വൈകുന്നേരം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തുറക്കുന്ന ദിവസം ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിദ്യാർഥികൾക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് കൈമാറും. സംസ്ഥാനത്തെ അധ്യാപകരെ സംഘടിപ്പിച്ചു നിയമസഭാ മാർച്ച് നടത്താനും പ്രതിപക്ഷ അധ്യാപക സംഘടനകൾ തീരുമാനിച്ചു. ഇതോടെ ജൂൺ ആറിന് തുടങ്ങുന്ന പുതിയ അധ്യയന വർഷം പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരങ്ങൾക്ക് കൂടി സാക്ഷ്യം വഹിക്കും.