LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ താനാണെന്ന് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

ഇന്നലെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ജോസഫ് കത്തയച്ചത്.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ താനാണെന്ന് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

കേരള കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ചെയര്‍മാന്‍ മരിച്ച സാഹചര്യത്തില്‍ അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം ഒപ്പ് ശേഖരണത്തിലൂടെ സമ്മര്‍ദ്ദം ചെലുത്തി സംസ്ഥാന സമിതി വിളിപ്പിക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്‌റെ നീക്കം പാളിയെന്നും സൂചനയുണ്ട്.

കേരള കോണ്‍ഗ്രസിന്‌റെ ഭരണഘടനയുടെ 29 വകുപ്പനുസരിച്ചാണ് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ എടുത്തിരുന്നത് ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും ഒന്നിച്ചാണ്. എന്നാല്‍ ചെയര്‍മാന്‍റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായ തനിക്കാണ് അധികാരമെന്നാണ് പി.ജെ കത്തില്‍ അറിയിച്ചിരിക്കുന്നത്. മാണി മരിച്ചതിന് പിറ്റേദിവസം തന്നെ ചുമതല ഏറ്റെടുത്തെന്നും പി.ജെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ ഒന്നുമില്ലെന്നും ഉടന്‍ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും കത്തില്‍ പറയുന്നുണ്ട്.

ഇല്ലാത്ത കത്തിന്‌റെ പേരില്‍ കോലം കത്തിക്കലടക്കമുള്ള പ്രതിഷേധങ്ങളുമായി ഇരുവിഭാഗവും മുന്നോട്ട് പോകുമ്പോഴാണ് പി.ജെ തന്നെ പാര്‍ട്ടി ലെറ്റര്‍പാഡില്‍ കത്ത് നല്കിയിരിക്കുന്നത്. ഇതിനിടെ ഒപ്പ് ശേഖരണം നടത്തി സമ്മര്‍ദ്ദ തന്ത്രത്തിലൂടെ സംസ്ഥാന സമിതി വിളിപ്പിക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്‌റെ നീക്കം പാളിയതായും സൂചനയുണ്ട് പകുതി പേരുടെ പിന്തുണ പോലും ലഭിച്ചിട്ടില്ലെന്നാണ് സൂചന.