LiveTV

Live

Kerala

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് നഗര മധ്യത്തില്‍ ആശുപത്രി ജീവനക്കാരിയെ യുവാവ് ആക്രമിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പയെ കൊല്ലം സ്വദേശിയായ നിധിന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം ഉണ്ടായത് ഡ്യൂട്ടിക്ക് പോകുകയായിരുന്ന പുഷ്പയെ പ്രതി നിധിന്‍ പിന്തുടര്‍ന്ന് എത്തി വെട്ടുകയായിരുന്നു. പുഷ്പയുടെ ചെവിക്ക് പിറകിലാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പുഷ്പയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നും ഇപ്പോള്‍ ഒഴിവാക്കിയതിന്‍റെ ദേഷ്യത്തിലാണ് ഇവരെ ആക്രമിച്ചതെന്നുമാണ് നിധിന്‍ മൊഴി നല്‍കിയത്.

നിധിനെതിരെ കൊലപാതക ശ്രമത്തിനും ഗൂഡാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഇയാള്‍ ആംബുലന്‍സിന്‍റെ ഡ്രൈവറാണ്. ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. ആക്രമിക്കപ്പെട്ട പുഷ്പയുടെ ഭര്‍ത്താവ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു.