LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ നിയമോപദേശം തേടും 

വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലാണ് നിയമോപദേശം തേടുക.

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ നിയമോപദേശം തേടും 

സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരട് നഗരസഭയിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലാണ് നിയമോപദേശം തേടുക. നിയമവശങ്ങള്‍ പരിശോധിക്കാന്‍ നിയമസെക്രട്ടറി പങ്കെടുക്കുന്ന യോഗം നാളെ നടക്കും. ഫ്ലാറ്റ് ഉടമകളുടെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

നിയമലംഘനം നടത്തി ഫ്ലാറ്റ് നിര്‍മിച്ചവര്‍ രക്ഷപ്പെടുകയും അവരില്‍നിന്ന് ഫ്ലാറ്റ് വാങ്ങിയവര്‍ കുരുക്കിലാവുകയും ചെയ്ത സാഹചര്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ നില്‍ക്കുമ്പോഴും ഫ്ലാറ്റ് ഉടമകളുടെ ആശങ്കകള്‍ പരിഗണിച്ച് നിയമപരമായ സാധ്യത തേടാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍റെ വീട്ടില്‍ മരട് നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമസാധ്യത തേടാന്‍ തീരുമാനിച്ചത്. നാളെ വൈകിട്ട് 5 ന് മന്ത്രിയുടെ ചേംബറില്‍ ഉന്നതതല യോഗം ചേരും. നിയമ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടി, എം.പി, എം.എല്‍.എമാര്‍, നഗരസഭാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഫ്ലാറ്റ് ഉടമകളുടെ പ്രതിനിധികളെയും നാളത്തെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ 5 ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.