LiveTV

Live

Kerala

തെരഞ്ഞെടുപ്പ് അവലോകനത്തിനായി സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും

തോല്‍വിക്ക് ശബരിമല ഒരു പ്രധാന കാരണമാണെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍

തെരഞ്ഞെടുപ്പ് അവലോകനത്തിനായി സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനുള്ള സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്നാരംഭിക്കും. തോല്‍വി സംബന്ധിച്ച് ചര്‍ച്ച ചെയ്ത് സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരും.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയോ എന്നതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. അപ്രതീക്ഷിത തിരിച്ചടിയുണ്ടായ പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ വെയ്ക്കാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കാനാണ് സി.പി.എമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ നടക്കുന്നത്. ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പിബി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിന്നു.

തോല്‍വിക്ക് ശബരിമല ഒരു പ്രധാന കാരണമാണെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെക്രട്ടരിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യു.ഡി.എഫിന് വോട്ട് ചെയ്തു. അതിനൊപ്പം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റദ്ധരിക്കപ്പെട്ടുവെന്നും അത് മറികടക്കാന്‍ പ്രചാരണത്തിനായില്ലെന്നും സെക്രട്ടറിയേറ്റില്‍ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കി.

ഇരുപത് ലോക്സഭാ മണ്ഡലം കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചു. പാര്‍ട്ടി കോട്ടയായ പാലക്കാട്ട് എം.ബി രാജേഷിന്റെ തോൽവിയിൽ സി.പി.എം അന്വേഷണ കമ്മിഷനെ വയ്ക്കാന്‍ സാധ്യതയുണ്ട്. കോങ്ങാട്, മണ്ണാർകാട് മണ്ഡലങ്ങളിലെ വോട്ട് ചോർച്ച അന്വേഷിക്കണമെന്നാവശ്വപ്പെട്ട് നേതൃത്വത്തിന് പരാതി ലഭിച്ചതായാണ് വിവരം. ഇന്നാരംഭിക്കുന്ന ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ശബരിമല പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് അനുകൂലമാകാതിരിക്കാന്‍ പ്രചാരണം കൊണ്ട് സാധിച്ചുവെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. എന്നാല്‍ വടകരയില്‍ ന്യൂനപക്ഷവോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിന് പോയെന്നും കണ്ടെത്തി. എല്ലാ മണ്ഡലങ്ങളിലേയും തോല്‍വി സംബന്ധിച്ച് സെക്രട്ടറിയേറ്റ് വിലയിരുത്തലുകള്‍ ഇന്നാരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കും.