LiveTV

Live

Kerala

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിക്ക് മംഗളപത്രം ലഭിക്കുന്നത് അംഗീകരിക്കാനാവില്ല; അബ്ദുല്ലക്കുട്ടിക്കെതിരെ വീക്ഷണം

മോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീചമാണ്

 കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിക്ക് മംഗളപത്രം ലഭിക്കുന്നത് അംഗീകരിക്കാനാവില്ല; അബ്ദുല്ലക്കുട്ടിക്കെതിരെ വീക്ഷണം

ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നും മഞ്ചേശ്വരം സീറ്റ് കണ്ട് ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന മുഖപ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. മോദിയെ മഹാത്മഗാന്ധിയോട് ഉപമിച്ചത് നീചമാണ്.കോൺഗ്രസിൽ നിന്ന് കൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ല,ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോൺഗ്രസിലെത്തിയത് അധികാര മോഹത്തിന്റെ ഭാണ്ഡക്കെട്ടുമായിട്ടാണെന്ന് മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു. ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചേക്കാറാന്‍ അതേ ഭാണ്ഡക്കെട്ട് അബ്ദുള്ളക്കുട്ടി മുറുക്കുകയാണ്,ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോൺഗ്രസിൽ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് സീറ്റില്‍ മോഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെ പോയതാണ് ഇപ്പോഴത്തെ കുറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും മഞ്ചേശ്വം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഉപദേശവും വീക്ഷണം നല്‍കുന്നുണ്ട്.

സി.പി.എമ്മില്‍ നിന്ന് തോണ്ടിയെറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നല്‍കിയ കോണ്‍ഗ്രസിനെ അയാള്‍ തിരിഞ്ഞ് കൊത്തുകയാണ്. ഇത്തരം അഞ്ചാംപത്തികളെ ഇനിയും വച്ച് പൊറുപ്പിക്കരുതെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.തന്നെ വിമര്‍ശിച്ച വി.എം സുധീരനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച അബ്ദുള്ളക്കുട്ടി വീക്ഷണത്തിന്റെ നിലപാട് മര്യാദകോടാണെന്നും അഭിപ്രായപ്പെട്ടു. മോദി അനൂകൂല പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.