LiveTV

Live

Kerala

കേരളത്തില്‍ മുരളീധരന്‍പക്ഷം ശക്തമാകും

കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂപപ്പെട്ട ചേരിയുടെ നേതാവാണ് വി മുരളീധരന്‍. പി.എസ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായതു മുതല്‍ മുരളീധരപക്ഷം ഇടഞ്ഞുനില്‍ക്കുകയാണ്.

കേരളത്തില്‍ മുരളീധരന്‍പക്ഷം ശക്തമാകും

സംസ്ഥാന ബി.ജെ.പിയിലെ തന്റെ അപ്രമാദിത്തം തെളിയിക്കുന്നതു കൂടിയാണ് വി മുരളീധരന്റെ കേന്ദ്ര മന്ത്രി സ്ഥാനം. കേരളത്തിന് കിട്ടിയ മന്ത്രിസ്ഥാനം അക്ഷരാര്‍ഥത്തില്‍ മുരളീധര വിരുദ്ധപക്ഷത്തെയാണ് ഞെട്ടിച്ചത്. കേരളത്തിലെ ബി.ജെ.പിക്ക് ഗുണകരമാകുന്ന തരത്തില്‍ പാര്‍ട്ടി തീരുമാനം വിനിയോഗിക്കുക എന്നതാകും മുരളീധരന്റെ നിയോഗം.

കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോഴെല്ലാം കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ബി.ജെ.പി ഇക്കുറി സൂക്ഷിച്ചാണ് തീരുമാനമെടുത്തത്. കുമ്മനം രാജശേഖരന്റെ പേരിനാണ് ആദ്യം പ്രാമുഖ്യം ലഭിച്ചത്. എന്നാല്‍, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ വന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് മുരളീധരന്റെ പേരുമുയര്‍ന്നു. കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ തനിക്കുള്ള സ്വാധീനവും കേന്ദ്ര നേതാക്കളുമായുള്ള ബന്ധവും മുരളീധരന് തുണയായി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണെങ്കിലും കേരളം തന്നെയാകും മുരളീധരന്റെ കര്‍മമണ്ഡലം.

കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂപപ്പെട്ട ചേരിയുടെ നേതാവാണ് വി മുരളീധരന്‍. പി.എസ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായതു മുതല്‍ മുരളീധരപക്ഷം ഇടഞ്ഞുനില്‍ക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോര്‍കമ്മിറ്റി ബഹിഷ്‌കരിക്കുന്നതില്‍വരെ കാര്യങ്ങളെത്തി. വി മുരളീധരന്റെ മന്ത്രിസഭാ പ്രവേശനം സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കും. നേതൃമാറ്റമടക്കമുള്ള വിഷയങ്ങളില്‍ മുരളീധരന്‍ വിഭാഗത്തിന് ഇനി മേല്‍ക്കൈ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.