LiveTV

Live

Kerala

സിറോ മലബാര്‍ വ്യാജരേഖ കേസ്; വൈദികരെ ചോദ്യം ചെയ്തു

ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ വൈദികരെ ചോദ്യം ചെയ്തത്.

സിറോ മലബാര്‍ വ്യാജരേഖ കേസ്; വൈദികരെ ചോദ്യം ചെയ്തു

സിറോ മലബാര്‍ സഭ വ്യാജരേഖക്കേസില്‍ വൈദികരായ പോള്‍ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വൈദികര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ വൈദികരെ ചോദ്യം ചെയ്തത്.

വ്യാജരേഖകേസിലെ ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാടും നാലാം പ്രതി ടോണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു. അഭിഭാഷകര്‍ക്കൊപ്പമാണ് വൈദികര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

കര്‍ദിനാളിനെതിരെ സിനഡിന് മുമ്പില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കരുതുന്നില്ലെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വൈദികര്‍ പറയുന്നത്. വരുംദിവസങ്ങളിലും ചോദ്യം ചെയ്യല്‍ പുരോഗമിക്കും.

വൈദികരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാന്‍ പാടില്ലെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 5 വരെയാണ് ചോദ്യം ചെയ്യലിന് സമയം അനുവദിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ കേസില്‍ പ്രതി ചേര്‍ത്തത്. ആഡംബര ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് വന്‍തുക കൈമാറിയെന്ന രേഖ ചമച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നതാണ് കേസിനാസ്പദമായ പരാതി.