LiveTV

Live

Kerala

വയനാട്ടില്‍ എന്‍.സി.സി ട്രെയിനിങ് അക്കാദമി നിര്‍മാണം നിലച്ചു

വയനാട്ടില്‍ എന്‍.സി.സി ട്രെയിനിങ് അക്കാദമി നിര്‍മാണം നിലച്ചു

വയനാട്ടിലെ എന്‍.സി.സി ബറ്റാലിയൻ കം എൻ.സി.സി ട്രെയിനിംങ്ങ് അക്കാദമി നിർമാണം നിലച്ച നിലയിൽ. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിലാണ് മലബാറിലെ രണ്ടാമത്തെ ബറ്റാലിയനായി സ്ഥലം കണ്ടെത്തിയിരുന്നത്. 2013 ഒക്ടോബർ 26 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മാനന്തവാടി താലൂക്കിൽ എന്‍.സി.സി ബറ്റാലിയനും ട്രെയിനിംഗ് അക്കാദമിയും അനുവദിച്ചത്.

ഇതിനെ തുടർന്ന് തിരുവനന്തപുരത്തെ എന്‍.സി.സി ഡയറക്ടറേറ്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ മക്കിമലയിലെ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ വകുപ്പുകൾ തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ 1989 ൽ പ്രിയദർശിനി എസ്റ്റേറ്റിന് അനുവദിച്ച തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല മുനീശ്വരൻ കുന്നിലെ 2 ഏകർ സ്ഥലം റവന്യു വകുപ്പ് 2016 ഫെബ്രുവരിയിൽ എൻ സി സി ക്ക് കൈമാറി.

എന്നാൽ സ്ഥലം കൈമാറി മൂന്ന് വർഷം കഴിഞ്ഞിട്ടും ആദ്യ ഘട്ടത്തിൽ അനുവദിച്ച രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ചെയിൻ ലിങ്ക്ഡ് ഫെൻസിങ്ങ് സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവർത്തികളും നടന്നിട്ടില്ല. 1200 ഓളം കേഡറ്റുകൾക്ക് താമസിച്ച് പരിശീലനം നൽകുന്നതിനുള്ള അക്കാദമിയാണ് ഉദ്ദേശിച്ചിരുന്നത്.പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റെയ്ഞ്ച്, ഒബ്സ്ട്രക്കിൾ ക്രോസ്സിംഗ്, റോപ്പ് ക്ളൈമ്പിംഗ് എന്നിവക്കുള്ള സൗകര്യങ്ങളും അക്കാദമിയിൽ സജജീകരിക്കും.

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 400 ആൺകുട്ടികൾക്കും 200 പെൺകുട്ടികൾക്കും ദശദിന ക്യാമ്പുകളിലൂടെ പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ബറ്റാലിയനിലുണ്ടാകും. ബറ്റാലിയൻ യഥാർത്ഥമായാൽ ജില്ലയിലെ എന്‍.സി.സി സബ് യുണിറ്റുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള സ്കൂളുകൾക്ക് പുതിയ യൂണിറ്റ് ആരംഭിക്കാൻ കഴിയുന്നതോടൊപ്പം തവിഞ്ഞാൽ പഞ്ചായത്തിലെ നിരവധി പേർക്ക് ജോലിയും ലഭിക്കുമായിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് ആവശ്യം ഉയരുന്നത്.