LiveTV

Live

Kerala

കോന്നിയിൽ മത്സരം തീ പാറും; മൂന്ന് മുന്നണികളും പ്രതീക്ഷയിൽ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ടുകൾ തമ്മിൽ വലിയ വ്യത്യാസമില്ലാത്തതാണ് കാരണം. 

 കോന്നിയിൽ മത്സരം തീ പാറും; മൂന്ന് മുന്നണികളും പ്രതീക്ഷയിൽ

അടൂർ പ്രകാശ് എം.പിയായതോടെ ഇത്തവണത്തെ കോന്നി ഉപതെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടമാവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ടുകൾ തമ്മിൽ വലിയ വ്യത്യാസമില്ലാത്തതാണ് കാരണം. പതിനൊന്ന് പഞ്ചായത്തുകളുള്ള മണ്ഡലത്തിൽ എൻ.ഡി.എ നാല് പഞ്ചായത്തുകളിൽ ലീഡ് നേടിയത് എൽ.ഡി.എഫ്-യു.ഡി.എഫ് ക്യാമ്പുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നി നിയമസഭാ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടിയപ്പോൾ നാലു പഞ്ചായത്തുകളിൽ ലീഡ് നേടിയത് എൻ.ഡി.എയാണ്.എൽ.ഡി.എഫ് രണ്ട് പഞ്ചായത്തിൽ ഒന്നാമതെത്തി. പതിനൊന്ന് പഞ്ചായത്തുകൾ ഉൾപ്പെട്ട കോന്നി മണ്ഡലത്തിൽ ആറ് എണ്ണത്തിൽ യു.ഡി.എഫിനാണ് ഭരണം. അഞ്ചിടത്ത് എൽ.ഡി.എഫിനും യു. ഡി.എഫ് ഭരിക്കുന്ന വള്ളിക്കോടും അരുവാപ്പുലത്തും എൽ ഡി എഫ് ഭരണമുള്ള കലഞ്ഞൂർ മലയാലപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പിയുടെ കടന്നുകയറ്റം ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു.അത് കൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്റെ നിലപാട് നിർണ്ണായകമാവും. ജാതി,മത,സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ സ്ഥാനാർത്ഥിയാവും. എൽ.ഡി.എഫിൽ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.യു ജനീഷ് കുമാറിനാണ് നിലവിൽ സാധ്യത. എൻ.ഡി.എയും മികച്ച സ്ഥാനാർത്ഥിയെ തേടുകയാണ്.