LiveTV

Live

Kerala

പട്ടയം: തൃശൂര്‍ ജില്ല കലക്ടറെ മലയോര കര്‍ഷകര്‍ ഉപരോധിച്ചു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് കലക്ടറെ ഉപരോധിച്ചത്.

പട്ടയം: തൃശൂര്‍ ജില്ല കലക്ടറെ  മലയോര കര്‍ഷകര്‍ ഉപരോധിച്ചു

പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി അനുപമയെ ഒരു കൂട്ടം മലയോര കര്‍ഷകര്‍ ഉപരോധിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് കലക്ടറെ ഉപരോധിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കാമെന്ന ഉറപ്പ് നല്‍കിയതോടെ ഉച്ചയ്ക്ക് കര്‍ഷകര്‍ സമരം അവസാനിച്ചു.

രാവിലെ പത്തരയോടെയാണ് ഉപരോധം തുടങ്ങിയത്. ഉപരോധമുണ്ടാവുമെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് കലക്ടറേറ്റിന്റെ കവാടത്തില്‍ കാത്ത് നിന്നെങ്കിലും സമരക്കാര്‍ ഒറ്റക്കൊറ്റക്ക് കലക്ടറേറ്റിന് ഉള്ളിലെത്തുകയായിരുന്നു. ശേഷം ജില്ല കലക്ടര്‍ ടി.വി അനുപമയുടെ ഓഫീസിന് പുറത്ത് അഞ്ഞൂറോളം വരുന്ന മലയോര നിവാസികള്‍ കുത്തിയിരിപ്പ് ആരംഭിച്ചു. തുടര്‍ന്ന് ജില്ല കലക്ടര്‍ സമരക്കാരുമായി സംസാരിച്ചെങ്കിലും പട്ടയം എന്ന് നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാതെ പിരിഞ്ഞ് പോകില്ലെന്ന സമരക്കാര്‍ നിലപാടെടുത്തു. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന ഉറപ്പ് കലക്ടര്‍ നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്.

എന്നാല്‍, മലയോര സംരക്ഷണ സമിതി ഉപരോധ സമരം അനാവശ്യമായിരുന്നുവെന്നും പട്ടയ പ്രശ്നത്തില്‍ പരിഹാരം ഉടനുണ്ടാകാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഒല്ലൂര്‍ എം.എല്‍.എ കെ രാജന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.