LiveTV

Live

Kerala

കെവിന്‍ കേസ്: എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഡി.ജി.പി

സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌.ഐയായി തരംതാഴ്ത്തിയെ ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. 

കെവിന്‍ കേസ്: എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഡി.ജി.പി

കെവിന്‍ കേസില്‍ സസ്‌‍പെന്‍ഷനിലായിരുന്ന എസ്‌.ഐ ഷിബുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌.ഐ ആയി ഡിപ്രമോട്ട് ചെയ്തു. ഇന്നലെയാണ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി പ്രതികരിച്ചു. രാഷ്ട്രീയ ഇടപെടലാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ കാരണമെന്ന് കെവിന്റെ പിതാവ് ആരോപിച്ചു.

ഗുരുതര വീഴ്ചയാണ് മുന്‍ ഗാന്ധിനഗര്‍ എസ്‌.ഐയായ എം.എസ് ഷിബുവിന് സംഭവിച്ചെന്ന പണിഷ്‌മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ്തല നടപടി എറണാകുളം റേഞ്ച് ഐ.ജി സ്വീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌.ഐയായി തരംതാഴ്ത്തിയെ ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇന്നലെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതിന് പിന്നാലെയാണ് വകുപ്പ് തല നടപടി വേഗത്തിലാക്കിയത്. എന്നാല്‍ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു ഡി.ജി.പിയുടെ ആദ്യ പ്രതികരണം. എന്നാല്‍ താന്‍ അറിയണമെന്ന് നിര്‍ബന്ധമില്ലെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു.

രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഷിബുവിനെ തിരിച്ചെടുത്തതെന്ന് കെവിന്റെ പിതാവ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാനാണ് ഷിബുവിനെ തിരിച്ചെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഷിബുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള പ്രാഥമിക നടപടി നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതൊഴിവാക്കുകയായിരുന്നു.