LiveTV

Live

Kerala

കെവിന്‍ കേസ്; സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി ഡി പ്രമോട്ട് ചെയ്തു

കെവിന്‍ കേസ്; സസ്പെന്‍ഷനിലായിരുന്ന എസ്.ഐ  ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി ഡി പ്രമോട്ട് ചെയ്തു

കെവിന്‍ കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെതിരെ വകുപ്പ് തല നടപടി. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐ ആയി ഡി പ്രമോട്ട് ചെയ്തു. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത കാര്യം അറിഞ്ഞില്ലെന്ന് ഡിജിപി പ്രതികരിച്ചു. എം.എസ് ഷിബുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

കെവിന്‍ കൊലപാതകകേസില്‍ ഗുരുതര വീഴ്ച്ച മുന്‍ ഗാന്ധിനഗര്‍‍ എസ്ഐയായ എംഎസ് ഷിബുവിന് സംഭവിച്ചെന്ന പണിഷ്മെന്‍റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പ്തല നടപടി എറണാകുളം റേഞ്ച് ഐജി സ്വീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തിയെ ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇന്നലെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതിന് പിന്നാലെയാണ് വകുപ്പ് തല നടപടി വേഗത്തിലാക്കിയത്. എന്നാല്‍ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞെതെന്നായിരുന്നു ഡിജിപിയുടെ ആദ്യ പ്രതികരണം. എന്നാല്‍ താന്‍ അറിയണമെന്ന് നിര്‍ബന്ധമില്ലെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു.

രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഷിബുവിനെ തരിച്ചെടുത്തതെന്ന് കെവിന്‍റെ പിതാവ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാനാണ് ഷിബുവിനെ തിരിച്ചെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഷിബുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള പ്രാഥമിക നടപടി നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതൊഴിവാക്കുകയായിരുന്നു.