LiveTV

Live

Kerala

നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സേവനങ്ങള്‍ വൈകിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

വിദേശത്ത് മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സർട്ടിഫിക്കറ്റ് വൈകിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇടപെടല്‍. 

 നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സേവനങ്ങള്‍ വൈകിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആവശ്യ സന്ദർഭത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് സേവനങ്ങള്‍ വൈകിപ്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ . വിദേശത്ത് മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സർട്ടിഫിക്കറ്റ് വൈകിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇടപെടല്‍. പോത്തന്‍കോട് സ്വദേശിയായ പ്രവാസിയുടെ സർട്ടിഫിക്കറ്റ് വൈകിപ്പിച്ച വിവരം മീഡിയവണാണ് പുറത്തുകൊണ്ടു വന്നത്.

സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കൊയ്ത്തൂർക്കോണം സ്വദേശി അഷറഫുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായിരുന്ന സർട്ടിഫിക്കറ്റ് വൈകിയ പ്രശ്നമാണ് കമ്മീഷന്‍ ഇടപെടല്‍ വരുത്തിയത്. മരിച്ചയാളുടെ ഭാര്യയുടെ പേരിലെ വ്യത്യാസം മാറ്റാന്‍ തിരുത്തല്‍ സര്‍ട്ടിഫിക്കറ്റിന് ബന്ധുക്കള്‍ ആണ്ടൂര്‍ക്കോണം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യമായതിനാല്‍ മകന്‍ വില്ലേജ് ഓഫസ് കയറിയിറങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. സേവനാവകാശ നിയപ്രകാരം 5 ദിവസം സമയമുണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. പൊതുപ്രവര്‍ത്തകനായ രാഗം റഹീമീന്റെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സാങ്കേതികമായി വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെങ്കിലും ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍‍ വീഴ്ച ഉണ്ടായതായി കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അത്യാവശ്യഘട്ടങ്ങളില്‍ സാങ്കേതികത്വം പറഞ്ഞ് സേവങ്ങള്‍ വൈകിപ്പക്കരുതെന്ന ഉത്തരവ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് പുറപ്പെടുവിച്ചത്. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് ഉത്തരവ് കൈമാറി. ഇതുപോലുള്ള നടപടികള്‍ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.