LiveTV

Live

Kerala

ഇ.വി.എമ്മില്‍ അട്ടിമറിയില്ലെന്ന് പി.കെ ഫിറോസ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ ബി.ജെ.പിക്ക് ലഭിച്ചെങ്കില്‍ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്ത് വീതം വിവിപാറ്റ് എണ്ണിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകേണ്ടതല്ലേയെന്ന് ഫിറോസ് ചോദിക്കുന്നു.

 ഇ.വി.എമ്മില്‍ അട്ടിമറിയില്ലെന്ന് പി.കെ ഫിറോസ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

തെരഞ്ഞെടുപ്പില്‍ ഇ.വി.എം മെഷീനുകളില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ബി.ജെ.പി വീണ്ടും അധികാരത്തിലേറിയപ്പോള്‍ വോട്ടിങ് മെഷീനെ പഴിപറഞ്ഞ് രംഗത്ത് വരുന്നവരുടെ എണ്ണം കൂടുന്നു. എന്നാല്‍ ഈ പ്രചാരണത്തിലൂടെ നേട്ടം കൊയ്യുന്നത് ആരാണെന്നറിയാതെയാണ് ഇത്തരമൊരു ക്യാമ്പയിന്‍ ഏറ്റെടുക്കുന്നതെന്ന് പി.കെ ഫിറോസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

വോട്ടിങ് മെഷീനില്‍ എങ്ങനെ കൃത്രിമം നടന്നുവെന്നാണ് ആരോപിക്കുന്നത്? ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ ബി.ജെ.പിക്ക് ലഭിച്ചെങ്കില്‍ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്ത് വീതം വി.വി.പാറ്റ് എണ്ണിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകേണ്ടതല്ലേ? 543 പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എണ്ണിയിട്ടും ഒരിടത്ത് പോലും വ്യത്യാസം ഉണ്ടായില്ല. ഇനി ഇ.വി.എം ഹാക്ക് ചെയ്തു എന്നു പറയുന്നവർ എങ്ങനെ അത് ചെയ്തു എന്നാണ് പറയുന്നത്? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിനുള്ള സാധ്യതകളുണ്ട് എന്ന് പറഞ്ഞാൽ വാദത്തിന് അംഗീകരിക്കാം. എന്നാൽ മറ്റു സംസ്ഥാനങ്ങളിലോ? മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും കർണാടകയിലുമൊക്കെ ബി.ജെ.പി ഇതര ഗവൺമെന്റുകളല്ലേ ഭരണത്തിലിരിക്കുന്നത്? എന്നിട്ടുമെങ്ങിനെയാണ് ബി.ജെ.പിക്ക് ഇത്രയധികം സീറ്റുകൾ ഈ സംസ്ഥാനങ്ങളിൽ നിന്ന് പോലും കിട്ടിയത്? സ്റ്റേറ് മെഷിനറി അറിയാതെ മറ്റാർക്കെങ്കിലും ഇ.വി.എം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയുമോയെന്നും ഫിറോസ് ചോദിക്കുന്നു. ഹാക്ക് ചെയ്ത മെഷീന്‍ കേരളത്തിലും തമിഴ്നാട്ടിലും എന്തുകൊണ്ട് വന്നില്ലെന്നും ഒരു സെറ്റ് മെഷീന്‍ തിരുവനന്തപുരത്തേക്കെങ്കിലും ബി.ജെ.പി കൊടുക്കാതിരിക്കുമോ? കുമ്മനം ജയിച്ചിരുന്നെങ്കിൽ ഇ.വി.എമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോയെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പോസ്റ്റില്‍ കുറിച്ചു.

ഇ.വി.എമ്മിൽ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നിൽ ആർ. എസ്.എസ്സാണ്. പ്രതിപക്ഷത്തെ ആ കെണിയിൽ വീഴ്ത്തിയതാണ്. ബി.ജെ.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ മനം മടുത്ത ഒരു ജനത ഇവിടെ ഉണ്ട് എന്നത് വസ്തുതയാണ്. അവരുടെ അവസാനത്തെ ആയുധമാണ് ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുക എന്നത്. എന്നാൽ ഇ.വി.എമ്മിൽ ബി.ജെ.പിക്കെതിരെ നിങ്ങൾ വോട്ട് ചെയ്താലും കാര്യമില്ല എന്ന് വന്നാൽ ആരെങ്കിലും വോട്ടു ചെയ്യാൻ പോവുമോ? അതിന്‍റെ പ്രയോജനം ആർക്കാണ് ലഭിക്കുക. രാജ്യത്ത് പോൾ ചെയ്യാത്ത വോട്ടിന്റെ നല്ലൊരു ശതമാനം ഇത്തരക്കാരുടേതായിരിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും ഫിറോസ് എഴുതി.

പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചത് ഇ.വി.എമ്മിന്‍റെ പേരിലാണ്. അപ്പോഴും ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ മടിച്ച് നിന്നു. ഇനിയെങ്കിലും പരാജയത്തെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തണം. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നൽകിയ 2000 രൂപ കർഷക ആത്മഹത്യകളെ മറക്കാൻ അവരെ പ്രേരിപ്പിച്ചു. ബാലാകോട്ടിൽ ഭീകരരെ കൊന്നൊടുക്കി എന്ന പ്രചരണം നോട്ടു നിരോധനത്തിന്റെ യാതനകളെ വിസ്മരിക്കാൻ അവരെ സഹായിച്ചു. ഹിന്ദുത്വവും അമിത ദേശീയതയും ഭൂരിപക്ഷ ജനതയുടെ ജീവവായുവാക്കി മാറ്റി. മേഘമുള്ള സമയത്ത് പാകിസ്ഥാനിൽ അക്രമം നടത്താൻ കാരണം മോദിയുടെ ബുദ്ധിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനതയും. അത് 'തള്ള്' മാത്രമായി തോന്നുന്നത് നമുക്ക് മാത്രമാണ്. അത്തരമൊരു ജനതയെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ധർമ്മം. ആ ഉത്തരവാദിത്തം നിർവ്വഹിക്കാതെ ഇനിയും ഇ.വി.എമ്മിൽ ചുറ്റിത്തിരിയാനാണ് ഭാവമെങ്കിൽ മതേതര ഭരണകൂടം രാജ്യത്ത് സാധ്യമാവുന്നത് വിദൂര സ്വപ്നമായി അവശേഷിക്കുമെന്നും ഫിറോസ് തന്‍റെ പോസ്റ്റിലൂടെ പറയുന്നു.

ഇനിയുള്ള നാളുകൾ പ്രതിപക്ഷം കരുതലോടെ ചുവടു വെക്കണം. ഇനിയൊരഞ്ചു വർഷം കൂടി കാത്തിരിക്കുക എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കാലയളവല്ല. സ്വാതന്ത്ര്യം നേടി 30 വർഷമാണ് ഒരു കോൺഗ്രസ് ഇതര ഗവൺമെന്റ് ഉണ്ടാക്കാൻ എതിരാളികൾ കാത്തിരുന്നത്. 1977ൽ ഇന്ദിരാഗാന്ധിയടക്കം തോറ്റിട്ടും കോൺഗ്രസ് ശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഒന്നും അസംഭവ്യമല്ല. ബി.ജെ.പിയുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിപക്ഷമാവാം. ഒറ്റക്കെട്ടായി പടപൊരുതാം. ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാമെന്നും പറഞ്ഞുകൊണ്ടാണ് ഫിറോസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഫിറോസ് അവസാനിപ്പിക്കുന്നത്.

എന്നാല്‍ ഫിറോസിന്‍റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്. രാജ്യത്തെ പല ഇടങ്ങളിലും വോട്ടിങ് മെഷീൻ സ്വകാര്യ വാഹനങ്ങളിൽ നിന്നും പിടിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നിട്ടും ഫിറോസ് ഇതുവരെ ഇത് അറിഞ്ഞില്ലേയെന്നും ആളുകള്‍ ചോദിക്കുന്നു. 20 ലക്ഷം വോട്ടിങ് മെഷീന്‍ കാണാതായിട്ടും ഫിറോസ് ന്യായീകരിക്കുകയാണോ എന്നാണ് ചിലരുടെ ചോദ്യം. പല മണ്ഡലങ്ങളിലും വോട്ടുകളിലുണ്ടായ കണക്ക് വ്യത്യാസവും ന്യൂസ് ക്ലിക്ക് എന്ന സൈറ്റിലെ വാര്‍ത്തകളും ആളുകള്‍ കമന്‍റ് ചെയ്തു.

ഫിറോസ് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഫിറോസ് പറഞ്ഞുവരുന്നത് കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ വെറുക്കുന്നു എന്നാണോ എന്ന് ചിലര്‍ ചോദിക്കുന്നു. ഇ.വി.എം അട്ടിമറി നടന്നിട്ടില്ലെങ്കില്‍ ആദ്യം മുന്നണിയിലെ നേതാക്കന്മാരെ പറഞ്ഞു മനസിലാക്കാനും ചിലര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍റെ സൈറ്റില്‍ ഇ.വി.എം മെഷീനെതിരെ ക്യാമ്പയിന്‍ നടക്കുന്ന സമയത്ത് തന്നെയാണ് ഫിറോസിന്‍റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. വാദപ്രതിവാദങ്ങളുമായി ഫിറോസിന്‍റെ കമന്‍റ് ബോക്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളികള്‍.

വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ ഫിറോസ് മറ്റൊരു പോസ്റ്റുമായി വീണ്ടുമെത്തി. ചിലര്‍ പറയുന്നത് ഇ.വി.എമ്മുകൾ മാറ്റി എന്നാണ്. അങ്ങനെ സാധ്യമാകുമെങ്കിൽ പിന്നെ ബാലറ്റ് പേപ്പറിലേക്ക് മാറിയിട്ടും കാര്യമില്ല. ഇ.വി.എം മാറ്റാന്‍ കഴിയുന്നവർക്ക് ബാലറ്റ് പെട്ടിയും മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഫിറോസ് പറയുന്നു. 1977ലെ പരാജയത്തിന് ശേഷം ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് ചൂണ്ടിക്കാട്ടി ഇപ്പോഴുണ്ടായ തിരിച്ചടി താൽക്കാലികമാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ രക്ഷകനായി രാഹുൽ ഗാന്ധി വരുമെന്നും മതേതര ഇന്ത്യയെ നമ്മൾ തിരിച്ചുപിടിക്കുമെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.