LiveTV

Live

Kerala

സമവായത്തിലൂടെ പ്രശ്നപരിഹാരം കാണാമെന്ന ആത്മവിശ്വാസത്തില്‍ ജോസഫ് വിഭാഗം

പദവികള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് ജോസ് കെ. മാണി വിഭാഗവും പിന്നോട്ട് പോയിട്ടില്ല 

സമവായത്തിലൂടെ പ്രശ്നപരിഹാരം കാണാമെന്ന ആത്മവിശ്വാസത്തില്‍ ജോസഫ് വിഭാഗം

പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് എന്നിവരെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സഭാ സമ്മേളനത്തിന്റെ ഇടവേളയില്‍ കേരള കോണ്‍ഗ്രസില്‍ സജീവമാകും. സമവായത്തിലൂടെ പ്രശ്നപരിഹാരം കാണാമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. പദവികള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് ജോസ് കെ. മാണി വിഭാഗവും പിന്നോട്ട് പോയിട്ടില്ല.

ജൂണ് ‍9ന് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാളെ സഭാ സമ്മേളന കഴിഞ്ഞതുമുതല്‍ കേരള കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകും. സീനിയോരിറ്റി പരിഗണിച്ച് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ജോസഫ് വിഭാഗം അതിന് പിന്തുണ തേടിയുള്ള ആശയ വിനിമയം തുടരുകയാണ്. സി.എഫ് തോമസ്, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ ചര്‍ച്ചകളിന്‍ തങ്ങളെ പിന്തുണക്കുമെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്. മുതിര്‍ നേതാക്കളുമായി സമവായമുണ്ടാക്കി ജോസ് കെ.മാണിക്ക് കൂടി തൃപ്തികരമായ നിലപാടിലെത്താനാണ് അവര്‍ ആലോചിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ ജോസ് കെ മാണി. ചര്‍ച്ചകളിലൂടെ ജോസ് കെ.മാണിയെ മെരുക്കാന്‍ കഴിയുമെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്. പിളര്‍പ്പിലേക്കെത്തിയാല്‍ യു.ഡി.എഫ് നേതാക്കളുടെ പിന്തുണ ഉറപ്പുവരുത്താനും ജോസഫ് വിഭാഗം ശ്രമിക്കുന്നു. വരും ദിനങ്ങള്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്ന കാഴ്ചയാകും കാണാനുണ്ടാവുക.