LiveTV

Live

Kerala

മസാല ബോണ്ട് സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം; ആരോപണം തള്ളി ധനമന്ത്രി

9.723 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്കില്‍ കടമെടുക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം

മസാല ബോണ്ട് സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം; ആരോപണം തള്ളി ധനമന്ത്രി

മസാലാ ബോണ്ടിലെ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി തോമസ് ഐസക്. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിന് വേണ്ടി പ്രൈവറ്റ് ഇഷ്യു നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തോമസ് ഐസക് മറുപടി പറഞ്ഞു. സി.ഡി.പി.ക്യുവിന്‍റെ ലാവ്‍ലിന്‍ ബന്ധം ഉള്‍പ്പെടെ മസാലാബോണ്ട് സംബന്ധിച്ച ധനമന്ത്രി കള്ളം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

9.723 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്കില്‍ കടമെടുക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ലാവ്‍ലിന്‍ ബന്ധമുള്ള സി.ഡി.പി.ക്യുവിന് വേണ്ടി കാനഡയില്‍ പ്രൈവറ്റ് ഇഷ്യു നടത്തി, മോദി സര്‍ക്കാരിന്‍റെ നവലബിറല്‍ നയങ്ങള്‍ നടപ്പാക്കുന്നു എന്നീ ആരോപണങ്ങളാണ് മസാലാ ബോണ്ടിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയത്.

കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിങ് വെച്ച് ലഭിക്കാവുന്ന മിതമായ പലിശ നിരക്കിലാണ് ബോണ്ട് പുറത്തിറക്കിയതെന്നാണ് ധനമന്ത്രി വിശദീകരിച്ചത്. പ്രവാസി ചിട്ടിയില്‍ നിന്നുള്ള വായ്പക്ക് 3 ശതമാനം നല്‍കുന്നതുള്‍പ്പെടെ കിഫ്ബി കുറഞ്ഞ വായ്പക്കും കടമെടുക്കുന്നുണ്ട്. കിഫ്ബിയുടെ 50,000 കോടി രൂപയുടെ കടം തിരിച്ചടക്കാനുള്ള തുക പെട്രോള്‍ സെസിലൂടെയും വാഹന നികുതിയിലൂടെയും ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സി.ഡി.പി.ക്യു ഇന്ത്യയില്‍ 32000 കോടി രൂപ നിക്ഷേപം നടത്തിയ കമ്പനിയാണ്. യു.പി.എ കാലത്തെ പദ്ധതികളിലും നിക്ഷേപിച്ചിട്ടുണ്ട്. ലാവ്‍ലിനില്‍ 19.9 ശതമാനം നിക്ഷേപം മാത്രമാണുള്ളത്. കാനഡയിലെ പ്രത്യേക നിയമമനുസരിച്ചാണ് അവിടെ പ്രൈവറ്റ് ഇഷ്യു നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു. ജി കാര്‍ത്തികേയന്‍റെയും സി.വി പത്മരാജന്‍റെയും ബന്ധം പറഞ്ഞ് ലാവ്‍ലിന്‍ ആരോപണത്തിന് മറുപടി നല്‍കാനും ധനമന്ത്രി ശ്രമിച്ചു.