LiveTV

Live

Kerala

ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി ഏകീകരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം; എതിർക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ

ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി ഏകീകരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം; എതിർക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ

ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി ഏകീകരിക്കണമെന്ന ഖാദർ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനം. ഡയറക്ട്രേറ്റുകളെയും പരീക്ഷാഭവനുകളെയും പുതിയ തീരുമാനത്തിലൂടെ ലയിപ്പിക്കും. അടുത്ത അധ്യയന വർഷം തന്നെ തീരുമാനം നടപ്പിലാക്കാനാണ് നീക്കം. ലയനം നടപ്പിലാക്കിയാൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റുകളും ഡി.പി.ഐയും ലയിപ്പിച്ച് ഡയറക്ട്രേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ ഡി.ജി.ഇ നിലവിൽ വരും, മൂന്ന് പരീക്ഷാ ഭവനുകളും ഒരു കമ്മീഷണർക്ക് കീഴിലാക്കും. ഹയർ സെക്കണ്ടറി വരെയുള്ള സ്കൂളുകളിൽ പ്രിൻസിപ്പലായിരിക്കും ഭരണാധികാരി. ഇവിടെ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. ഈ നിർദ്ദേശങ്ങളാണ് പൊതുവിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളുടെ യോഗത്തിൽ വച്ചത്.

ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകൾ നിലവിലുള്ളതു പോലെ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അടക്കമുള്ളവയുമായി ചർച്ച നടത്തി വേഗത്തിൽ ഉത്തരവിറക്കാനാണ് സർക്കാർ നീക്കം. ഇതിനായി നിർദ്ദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാനും ശ്രമം നടത്തും. എന്നാൽ സർക്കാർ നീക്കത്തെ എതിർക്കാനും ഉത്തരവിറങ്ങിയാൽ സമരം ആരംഭിക്കാനുമാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.