LiveTV

Live

Kerala

‘ചുഞ്ചു നായര്‍ ഞങ്ങളുടെ റാണിയായിരുന്നു’; ജാതിപേരില്‍ വിശദീകരണവുമായി പരസ്യം നല്‍കിയ കുടുംബം

‘ചുഞ്ചു നായര്‍ ഞങ്ങളുടെ റാണിയായിരുന്നു’; ജാതിപേരില്‍ വിശദീകരണവുമായി പരസ്യം നല്‍കിയ കുടുംബം

ചുഞ്ചു നായര്‍ എന്ന പൂച്ചയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൂച്ചയുടെ വിയോഗ വാര്‍ത്തയില്‍ പേരിന് തൊട്ടുചേര്‍ന്ന് ജാതി വാല്‍ ചേര്‍ത്തതിനെ വിമര്‍ശിച്ചും ട്രോളിയുമാണ് സാമൂഹിക മാധ്യമങ്ങള്‍ എതിരേറ്റത്. എന്നാലിതാ ആ പേര് നല്‍കിയതിന് വിശദീകരണവുമായി ഏറ്റവും ഒടുവില്‍ പൂച്ചയെ വളര്‍ത്തിയ കുടുംബം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചുഞ്ചുനായരുടെ പേരില്‍ പുറത്ത് വന്ന ട്രോളുകള്‍ വിഷമിപ്പിച്ചെന്നും വിവാദങ്ങളൊന്നും പ്രതീക്ഷിച്ചില്ലെന്നും കുടുംബം പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നേവി മുബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് പരസ്യം നല്‍കിയത്. പുതിയ വിവാദങ്ങളോട് കുടുംബം ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: (കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ അതെ സമയം പത്രം രഹസ്യമാക്കി വെച്ചിട്ടുണ്ട്)

‘അവൾ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തിൽ  പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ‍ഞങ്ങൾക്ക് അവൾ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നൽകിയതും. ആ നാൽക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആ‍ര്‍ക്കും  മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകൾ. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല.’

Also read: ‘ചുഞ്ചു നായർ എന്ന വൻമരം വീണു’; ഫേസ്ബുക്കില്‍ വൈറലായൊരു ‘നായര്‍’ പൂച്ച 

18 വ‍ര്‍ഷത്തോളം ചുഞ്ചുനായര്‍ എന്ന പൂച്ച കുടുംബത്തോടൊന്നിച്ചുണ്ടായിരുന്നെന്നും വാ‍ര്‍ദ്ധക്യ കാലത്തായിരുന്നു മരണമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സാധാരണ ഇത്ര വലിയ കാലയളവില്‍ സാധാരണ പൂ‍ച്ചകള്‍ ജീവിച്ചിരിക്കാറില്ലെന്നും നിറയെ സ്നേഹം നല്‍കിയത് കൊണ്ട് മാത്രമാണ് ചുഞ്ചു പൂച്ച ഇത്രകാലം ജീവിച്ചതെന്നും ‍ഡോക്ടർമാ‍‍ര്‍ സാക്ഷ്യപ്പെടുത്തിയതായി കുടുംബം പറയുന്നു. നേവി മുംബൈയിലെ വീട്ടിലെ പൂന്തോട്ടത്തില്‍ വെച്ചായിരുന്നു ചുഞ്ചുവിനെ കുടുംബത്തിന് ലഭിക്കുന്നത്. സുന്ദരി എന്ന പേര് പിന്നീട് ലോപിച്ചാണ് ചുഞ്ചുവെന്ന് ആയതെന്നും കുടുംബം വ്യക്തമാക്കുന്നു.

പ്രായാധിക്യത്താല്‍ ചുഞ്ചുവിന്റെ വൃക്കകളും പല്ലും തകരാറിലായെന്നും അവസാന സമയങ്ങളില്‍ അയൽക്കാർ പോലും കണ്ണീരോടെയാണ് കാണാനെത്തിയതെന്നും കുടുംബം പറഞ്ഞു. രോഗം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചതായും കുടുംബം അഭിമുഖത്തില്‍ പറഞ്ഞു.