LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ പാളുന്നു

പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ സംസ്ഥാന സമിതി വിളിച്ചാല്‍ ജോസ് കെ.മാണിക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. 

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ പാളുന്നു

കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ പാളുന്നു. പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ സംസ്ഥാന സമിതി വിളിച്ചാല്‍ ജോസ് കെ.മാണിക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും. കൂറുമാറ്റത്തിന്റെ പരിധിയില്‍ വന്നാല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം വരെ മാണി വിഭാഗത്തിന് നഷ്ടമായേക്കും.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്റെ അധികാരം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ ബൈലോയില്‍ പറയുന്നത്. നിയമസഭ കക്ഷി നേതാവ് സ്ഥാനവും സമാനമായ രീതിയില്‍ ഡപ്യൂട്ടി നേതാവായ പി.ജെയിലേക്ക് എത്തു. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാന്‍ ജോസ് കെ. മാണി വിഭാഗത്തിന് സാധിച്ചിട്ടില്ല. ആയതുകൊണ്ട് തന്നെയണ് സംസ്ഥാന സമിതി വിളിക്കണമെന്നാവശ്യം ശക്തമായി പാര്‍ട്ടിക്കുളളില്‍ ഇവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ജോസഫ് വിഭാഗം ഇതിന് വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വമേധയ സംസ്ഥാന സമിതി വിളിച്ച് ചേര്‍ക്കാന്‍ ചില നീക്കങ്ങള്‍ മാണി വിഭാഗം നടക്കുന്നുണ്ട്.

പക്ഷെ ഇത്തരം നീക്കം നടത്തിയാല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. കൂറുമാറ്റത്തിന്റെ പരിധിയില്‍ പെട്ടാല്‍ ജോസ് കെ. മാണി വിഭാഗത്തിന് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം വരെ നഷ്ടമാകും. പാര്‍ട്ടി പിളര്‍ന്നാല്‍ ചിഹ്നവും പേരും അടക്കം ജോസഫ് വിഭാഗത്തിന് സ്വന്തമാകും. നിലവില്‍ മുതിര്‍ന്ന നേതാക്കളടക്കം പലരും ജോസഫിനൊപ്പം കൂടികഴിഞ്ഞു. യു.ഡി.എഫിന്റെ പിന്തുണയും ജോസഫിനുണ്ട്. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഇത് ഉപയോഗിച്ച് എത്രത്തോളം ജോസ് കെ.മാണിക്ക് ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നത് കണ്ടറിയണം.