രാഹുലിനോട് പാണക്കാട് തങ്ങള്‍ക്ക് പറയാനുള്ളത്....
ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത്

ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത്.
പ്രിയപ്പെട്ട രാഹുല്‍ജീ,
വയനാട്ടില്‍ നിന്ന് മല്‍സരിച്ചതിന് ഒരിക്കല്‍ കൂടി നന്ദി പറയാനായി ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. രണ്ട് പാര്‍ട്ടികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലുമുള്ള ബന്ധം ദൃഢമാക്കാനും പുനരുജീവിപ്പിക്കാനുമുള്ള അവസരമായിരുന്നു ഞങ്ങള്‍ക്കത്. വയനാടിലെ ചരിത്ര വിജയം നിങ്ങളുടെ നേതൃപാടവത്തോടുള്ള സ്നേഹവും ആദരവും ബഹുമാനവുമാണ്. യു.ഡി.എഫിന് കേരളത്തില്‍ ലഭിച്ച വന്‍ വിജയത്തിന് താങ്കളുടെ സാന്നിധ്യം വലിയ ഒരു കാരണമായിട്ടുണ്ട്. ആ വിജയം ചേര്‍ന്നു നില്‍ക്കുന്നത് ജാതിയുടെയോ വംശത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള വിദ്വേഷത്തിന്റെ മതിലുകളില്ലാതെ സാഹോദര്യത്തിലാണ് നമ്മള് ജീവിക്കേണ്ടതെന്ന നവോത്ഥാന നായകന് ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളോടാണ്. നിന്നെ പോലെ നിന്റെ അയല്‍വാസിയേയും സ്നേഹിക്കുക, വസുദൈവകുടുംബകം തുടങ്ങിയ സന്ദേശങ്ങള്‍ നമ്മള് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും പകരുവാന്‍ ആഗ്രഹിക്കുന്നു.
എം.പി എന്നതിലപ്പുറം ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ദേശീയ നേതാവെന്ന രീതിയിലാണ് ഞങ്ങള്‍ താങ്കളെ കാണുന്നത്. മുസ്ലിം ലീഗും ഞാനും ഏത് പ്രയാസഘട്ടത്തിലും കൂടെയുണ്ടാവുമെന്ന് വീണ്ടും ഉറപ്പു നല്കുന്നു. അതോടൊപ്പം തന്നെ ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ പ്രചരിപ്പിക്കാനും സമഗ്രമായ വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും ഞങ്ങള്‍ കൂടെയുണ്ടാകമെന്ന് ഉറപ്പു തരുന്നു.
ഇന്ത്യയുടെ ജനാധിപത്യ അടിത്തറക്കുപോലും ഭീഷണിയുള്ള സമയമാണിത്. ഒരു നേതാവെന്ന നിലയില്‍ സ്നേഹത്തിന്റയും സഹിഷ്ണുതയുടെയും അംഗീകരിക്കലിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ താങ്കള്‍ ശ്രമിച്ചു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ബഹുമാന്യനായ താങ്കളുടെ പിതാവ് ശ്രീ രാജീവ് ഗാന്ധി മുന്നോട്ടു വെച്ച ആശയം ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നതിലും ഞാന്‍ സന്തോഷവാനാണ്.

തിരിച്ചടികള്‍ സ്വാഭാവികമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം സാക്ഷ്യം വഹിച്ചത് തന്നെ സത്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കുമാണ്. സ്നേഹവും ഒത്തൊരുമയും ഉള്‍ക്കൊള്ളുന്ന ഒരു നേതൃത്വത്തെയാണ് രാജ്യത്തിനാവശ്യം. പ്രവാചകന് മുഹമ്മദ് സത്യവും സമാധാനവും പുനഃസ്ഥാപിക്കാനായി മക്കയില്‍ നിന്ന മദീനയിലേക്ക് യാത്ര പോയതാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. എല്ലാ ഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതം തന്നെ സത്യത്തിനും നീതിന്യായത്തിനും വേണ്ടിയുള്ള പോരാട്ടവും പരീക്ഷണവുമായിരുന്നു എന്നതാണ് സത്യം. അതിനാല്‍ എന്തൊക്കെ തന്നെയായിരുന്നാലും ശരി നിലനില്‍ക്കുന്നത് സത്യവും നീതിയും തന്നെയായിരിക്കും.
ദൈവാനുഗ്രഹത്താല്‍ സ്വതന്ത്രവും ഒത്തൊരുമയുമുള്ള ഒരു ഇന്ത്യയെ സംഭാവന ചെയ്യാന്‍ കഴിയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രബീന്ദ്ര നാഥ് ടാഗോര്‍ വിഭാവനം ചെയ്ത ഭയമില്ലാത്ത മനസും തല ഉയര്‍ത്തിയുമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താന്‍ താങ്കളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു
താങ്കളുടെ കുടുംബം ഇന്ത്യക്കു വേണ്ടി ചെയ്ത ത്യാഗങ്ങളെ ഒരിക്കലും വിസ്മരിക്കാനാകില്ല. താങ്കള്‍ യു.പി.എയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അധ്യക്ഷന്‍ ആയി തന്നെ തുടരണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഈ യാത്രയുടെ (അതിന്റെ) ഏത് രീതിയിലുള്ള തടസവും താങ്കള്‍ മുന്നോട്ടു വെച്ചിട്ടുള്ള നന്മ നിറഞ്ഞ ആശയങ്ങളെ സാരമായി ബാധിക്കും. തദവസരത്തില്‍ ഖുര്‍ആനിലെ ഒരു വചനമാണ് എനിക്ക് ഓര്‍മ്മ വരുന്നത്-
‘’വിശ്വസിക്കുന്നവരെ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. അള്ളാഹുവിനെ സൂക്ഷിച്ച് ജീവിക്കുക, നിങ്ങള്‍ വിജയം പ്രാപിക്കാം.’’ (ആലു ഇംറാന്‍: 200)
രാഹുല്‍ സൗമ്യതയിലൂടെ നമുക്ക് ലോകം കീഴടക്കാം എന്ന മഹാനായ ഗാന്ധിജിയുടെ ആശയം ഉള്‍ക്കൊണ്ടുവെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. താങ്കളുടെ സൗമ്യതയും അനുകമ്പയും ഈ രാജ്യത്തെ മുന്നോട്ടു നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്ക് താങ്കളെയും താങ്കളുടെ നേതൃപാടവത്തേയും വേണം, ഈ രാജ്യത്തിനും അതേ. ഈ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പ്രതീക്ഷയും നന്മയും കൊണ്ട് ഇറങ്ങി ചെല്ലാന്‍ കഴിവുള്ള വ്യക്തിയാണ് താങ്കള്‍ എന്നതില്‍ എനിക്കുറപ്പുണ്ട്. ദൈവാനുഗ്രഹത്താല്‍ സ്വതന്ത്രവും ഒത്തൊരുമയുമുള്ള ഒരു ഇന്ത്യയെ സംഭാവന ചെയ്യാന്‍ കഴിയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രബീന്ദ്ര നാഥ് ടാഗോര്‍ വിഭാവനം ചെയ്ത ഭയമില്ലാത്ത മനസും തല ഉയര്‍ത്തിയുമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താന്‍ താങ്കളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു.
നന്ദിപൂര്‍വം
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
ചെയര്മാന്, രാഷ്ട്രീയകാര്യ കമ്മിറ്റി, ഐ.യു.എം.എല്‍ നാഷണല്‍ കമ്മിറ്റി &പ്രസിഡന്റ്, ഐ.യു.എം.എല്‍ കേരള കമ്മിറ്റി.