LiveTV

Live

Kerala

തുരുത്തിക്കരയില്‍ മരിച്ച  അന്നമ്മയുടെ മൃതദേഹം ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിക്കും

വശങ്ങളും അടിഭാഗവുമുൾപ്പെടെ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമായ കല്ലറ നിർമ്മിച്ച് മൃതദേഹം മറവ് ചെയ്യണമെന്നാണ് നിർദേശം.

തുരുത്തിക്കരയില്‍ മരിച്ച  അന്നമ്മയുടെ മൃതദേഹം ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിക്കും

കൊല്ലം തുരുത്തിക്കരയില്‍ മരിച്ച അന്നമ്മയുടെ മൃതദേഹം തര്‍ക്കമുള്ള ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടർ സംസ്കാരം നടത്താന്‍ അനുമതി നൽകിയത്. തര്‍ക്കത്തെ തുടര്‍ന്ന് 14 ദിവസമായി മൃതദേഹം സംസ്കരിക്കാനായിരുന്നില്ല . സെമിത്തേരിയുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ നാലുവര്‍ഷമായി തുരുത്തിക്കരയില്‍ തന്നെയുള്ള ഇമ്മാനുവേല്‍ പള്ളിയിലാണ് ജറുസലേം ഇടവകാംഗങ്ങള്‍ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നത്.

മെയ് 14ന് മരിച്ച അന്നമ്മയുടെ മൃതദേഹം കല്ലറ ഒഴിവില്ലാത്തതിനാല്‍ ഇമ്മാനുവേല്‍ പള്ളിയിലും പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും സംസ്കരിക്കാനായില്ല. മറ്റൊരിടത്ത് സംസ്കരിക്കാനുള്ള സർവകക്ഷിയോഗ തീരുമാനത്തിനെതിരെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം ജറുസലേം പള്ളി സെമിത്തേരിയിൽ തന്നെ സംസ്കരിക്കാൻ അനുമതി ലഭിച്ചത്.

വശങ്ങളും അടിഭാഗവുമുൾപ്പെടെ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമായ കല്ലറ നിർമ്മിച്ച് മൃതദേഹം മറവ് ചെയ്യണമെന്നാണ് നിർദേശം. നിർമ്മാണം പൂർത്തിയായ ശേഷം പൊതുമരാമത്ത് ഉദ്യോഗസ്‌ഥർ കല്ലറയുടെ സുരക്ഷ ഉറപ്പാക്കി റിപ്പോർട്ട് നൽകണം. ജറുസലേം പള്ളിസെമിത്തേരിയിൽ അന്നമ്മയുടെ മൃതദേഹം മാത്രം മറവ് ചെയ്യുന്നതിനാണ് അനുമതി. ഇനിയുള്ള സംസ്കാരങ്ങൾ 2014ലെ കലക്ടറുടെ നിർദേശങ്ങൾ നടപ്പിലാക്കിയ ശേഷം മാത്രമേ നടത്താനാകൂ. ചുറ്റുമതിലും കോണ്‍ക്രീറ്റ് കല്ലറകളും നിർമ്മിക്കണമെന്നായിരുന്നു 2014 ലെ കലക്ടറുടെ നിർദ്ദേശം.