LiveTV

Live

Kerala

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് കഴിയും വരെ പ്രവർത്തനം നിർത്താനാണ് യോഗം വിളിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് വെള്ളാപ്പള്ളി

ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി തന്നെയാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി. ഭക്തരുടെ വികാരം മാനിക്കാത്ത സി.പി.എമ്മിന് തെരഞ്ഞെടുപ്പില്‍ കനത്ത അടികിട്ടിയെന്ന വിമര്‍ശനവുമായി സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍ രംഗത്തെത്തി.

ശബരിമലയിലെ യുവതി പ്രവേശനം കേരള നവോത്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമാകുമെന്ന ചര്‍ച്ചകള്‍ സജീവമായതോടെയാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. ഹിന്ദുത്വ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയ സമിതി പിന്നീട് വനിതാ മതില്‍ അടക്കമുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സമിതിയുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി തന്നെ തടഞ്ഞുവെന്നാണ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.

ഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തത് തിരിച്ചടിക്ക് കാരണമായെന്നാണ് സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്റെ വിമര്‍ശനം. സംഘ്പരിവാറിനെ തുരത്തണമെന്ന ഹിന്ദു പാര്‍ലമെന്റിന്റെ തീരുമാനം ലക്ഷ്യംകണ്ടു. തുലാമാസ പൂജ സമയത്ത് വനിതാ ആക്ടിവിസ്റ്റുകളെ തടഞ്ഞതില്‍ മുഖ്യമന്ത്രിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അതിനാലാണ് തന്നെ അറസ്റ്റ് ചെയ്യാതിരുന്നത്. സാംസ്കാരിക ഉടായിപ്പുകളെ ഉപയോഗിച്ച് നവോത്ഥാനത്തിന്റെ പേരില്‍ ഹിന്ദുക്കളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും സി.പി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന സംഘടനയും വ്യക്തമാക്കി. ബി.ജെ.പി മുന്നേറ്റത്തെ തടയാനാണ് കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നും സംഘടന ഫേസ്ബുക്കില്‍ വിശദീകരിച്ചു.