LiveTV

Live

Kerala

വ്യാജരേഖ കേസ്: കർദിനാൾ ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവുമായി അതിരൂപത

വൈദികര്‍ക്കാര്‍ക്കും കേസിലും ഗൂഢാലോചനയിലും പങ്കില്ലെന്നും നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

വ്യാജരേഖ കേസ്: കർദിനാൾ ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവുമായി അതിരൂപത

വ്യാജരേഖ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ വിശദീകരണ കുറിപ്പ്. വൈദികര്‍ക്കാര്‍ക്കും കേസിലും ഗൂഢാലോചനയിലും പങ്കില്ലെന്നും നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. വൈദികരെ പ്രതിചേര്‍ത്ത പൊലീസ് നടപടിയെയും സഭ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ രൂപതയ്ക്കുള്ളിലെ ഭിന്നത പരസ്യമായി പ്രകടമാക്കിയാണ് കര്‍ദിനാളിനെതിരെ 400ലധികം പള്ളികളിൽ വിശദീകരണ കുറിപ്പ് വായിച്ചത്. കേസിന്റെ സത്യാവസ്ഥ പുറത്തറിയുന്നതിന് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യമാണെന്ന് കുറിപ്പില്‍ ആവശ്യപ്പെടുന്നു. കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവും കുറിപ്പിലുണ്ട്.

കേസിൽ പ്രതികളായ ഫാദർ ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ തേലക്കാട്ട് തുടങ്ങിയവരെ സംരക്ഷിക്കാമെന്ന ധാരണ പാലിക്കപ്പെട്ടില്ല. വൈദികരാരും വ്യാജരേഖ തയ്യാറാക്കാന്‍ പ്രേരണ നല്‍കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സത്യവിരുദ്ധമാണ്. മൂന്നാം പ്രതി ആദിത്യനെ ലോക്കപ്പ് മർദനത്തിന് ഇരയാക്കിയതിനെതിരെയും കുറിപ്പില്‍ വിമര്‍ശനങ്ങളുണ്ട്.

എന്നാൽ വിശദീകരണ കുറിപ്പ് സഭാവിരുദ്ധമാണെന്ന് ആരോപിച്ച് ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തി. കർദിനാളിനെതിരെ വ്യാജരേഖ ചമച്ചവർക്കെതിരെ നടപടി വേണമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നുമാണ് ഇവരുടെ വാദം.