LiveTV

Live

Kerala

വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്ട്രോംഗ് റൂം പരിശോധിക്കും 

ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത് .

വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്ട്രോംഗ് റൂം പരിശോധിക്കും 

ശബരിമല സ്ട്രോങ് റൂം നാളെ തുറന്ന് പരിശോധിച്ചേക്കും. 2017 മുതൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ട്രോങ് റൂം തുറക്കാന്‍ ആലോചിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. എന്നാൽ നിലവില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന് കൃത്യമായ കണക്കുണ്ടെന്നും പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

നാൽപ്പത് കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവയുടെ കുറവാണ് ഓഡിറ്റിങില്‍ കണ്ടെത്തിയത്. ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് സ്ട്രോങ് റൂമിലെ മഹസർ പരിശോധിക്കുക. ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്ട്രോങ് റൂമിലെ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.

അതേസമയം ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പൊൻ ബോർഡ് അനുവദിക്കില്ലെന്നും പരിശോധനയിൽ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് എ പത്മകുമാർ പറഞ്ഞു. സാധാരണ കൃത്യമായ രസീതുകൾ നൽകിയാണ് നേർച്ചയായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും ദേവസ്വം ബോർഡ് സ്വീകരിക്കുക അതിന് ശേഷമാണ് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുക. ഹൈക്കോടതി ഓഡിറ്റ്‌ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരിക്കും നാളെ പരിശോധന നടത്തുക.