LiveTV

Live

Kerala

യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം

മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിലവിലെ സമിതിയെ നില നിര്‍ത്താനും മൂന്നുമാസത്തിനകം ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനും സഭാ ആസ്ഥാനത്ത് ചേർന്ന സിനഡിൽ ധാരണയായി

യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം

യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം. പാത്രിയാര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സിനഡിലാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിലവിലെ സമിതിയെ നില നിര്‍ത്താനും മൂന്നുമാസത്തിനകം ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനും സഭാ ആസ്ഥാനത്ത് ചേർന്ന സിനഡിൽ ധാരണയായി.

സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചുമതലയടക്കം നല്‍കിയാണ് നിലവിലെ മെത്രാപ്പൊലീത്തന് ട്രസ്റ്റി സമിതിയെ നില നിര്ത്താന്‍ പാത്രിയാക്കിസ് ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡില്‍ ധാരണയായത്. കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ്‌, കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ്‌, അങ്കമാലി ഭദ്രാസനാധിപൻ എബ്രഹാം മാർ സേവേറിയോസ് എന്നിവരാണ് സമിതിയിൽ ഉള്ളത്. ഇവരിൽ ഒരാളെ താല്‍കാലിക കൺവീനർ ആയി ഉടൻ തിരഞ്ഞെടുക്കാനും മൂന്ന് മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പു നടത്താനും പാത്രിയാക്കീസ് ബാവ സിനഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രേഷ്ഠ കാതോലിക്കാ പദവി ഒഴിയാൻ അനുവദിക്കണമെന്ന ബസേലിയോസ് മാർ തോമസ് പ്രഥമൻ ബാവയുടെ അഭ്യർത്ഥന സിനഡ് അംഗീകരിച്ചില്ല. ചർച്ചകളിലൂടെയും സമാധാനത്തിന്‍റെ വഴിയിലും സഭാ തർക്കങ്ങൾ പരിഹാരം കാണാനും മധ്യസ്ഥത ശ്രമങ്ങളെ സ്വാഗതം ചെയ്യാനും പാത്രീയാക്കീസ് ബാവ നിർദേശം നൽകി . ഓഗസ്റ്റ് അവസാന വാരത്തിനകം മലങ്കര അസോസിയേഷൻ വിളിച്ചു ചേർക്കാനും അച്ചടക്ക നടപടിയെ തുടർന്ന് പുറത്താക്കിയ കുര്യാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്തയെ സഭയിൽ തിരിച്ചെടുക്കാനും പ്രത്യേക സിനഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.