LiveTV

Live

Kerala

രാക്കിളി പൊന്‍മകളേ... മകളുടെ വിവാഹ തലേന്ന് സ്റ്റേജില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു; വീഡിയോ

ഇന്നലെയായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്

രാക്കിളി പൊന്‍മകളേ... മകളുടെ വിവാഹ തലേന്ന് സ്റ്റേജില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു; വീഡിയോ

മകളുടെ വിവാഹത്തലേന്ന് സ്വീകരണ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേള വേദിയിലേക്ക് സുഹൃത്തുകൾ ഏറെ നിർബന്ധിച്ചപ്പോഴാണ് ഈ അച്ഛൻ എത്തിയത്. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദ്.

അലോചിച്ച് ഉറപ്പിച്ച വിവാഹമാണെങ്കിലും ഇളയ മകൾ ആർച്ചയെ വേർപിരിയാൻ ഈ അച്ഛന് വല്ലാത്ത വിഷമമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ ഇഷ്ടമുള്ള വെറെ ഒരുപാട് പാട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പാടിത്തുടങ്ങി. അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്‍മകളെ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹം പാടിയത്. പാടുന്നതിനിടെ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

#രാക്കിളി പൊൻ മകളെ ..നിൻ പൂവിളി #യാത്ര മൊഴിയാണോ ...വരികൾ പോലെ ആ നിമിഷങ്ങൾ .....മകളുടെ കല്യാണത്തോടനുബന്ധിച്ച ഗാനമേളയിൽ...

Posted by Music Mania on Sunday, May 26, 2019

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷം മുമ്പ് വിഷ്ണു പ്രസാദിന് ഹൃദയസ്തംഭനം ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. അച്ഛന്റെ അതേ പേര് തന്നെയാണ് അർച്ചയുടെ നവവരന്റേതും.

അച്ഛന് 55 വയസായിരുന്നു. വരുന്ന മേയിൽ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് വിഷ്ണുപ്രസാദിന്റെ മരണം. സുഷമയാണ് ഭാര്യ. മൂത്തമകൻ അനു അടുത്തിടെ പുറത്തുവന്ന പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും