LiveTV

Live

Kerala

വ്യാജരേഖ കേസ്: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ അങ്കമാലി അതിരൂപത

കേസില്‍ ഉള്‍പ്പെട്ട വൈദികരെ കര്‍ദിനാള്‍ സഹായിച്ചില്ലെന്ന് വിമര്‍ശിച്ച് രൂപത ഇറക്കിയ സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും.

വ്യാജരേഖ കേസ്: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ അങ്കമാലി അതിരൂപത

വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അങ്കമാലി അതിരൂപത. കേസില്‍ ഉള്‍പ്പെട്ട വൈദികരെ കര്‍ദിനാള്‍ സഹായിച്ചില്ലെന്ന് വിമര്‍ശിച്ച് രൂപത ഇറക്കിയ സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. കേസില്‍ ഉള്‍പ്പെട്ട ഫാ. ടോണി കല്ലൂക്കാരനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പള്ളിയില്‍ നോട്ടീസ് പതിപ്പിച്ചു.

വ്യാജരേഖ കേസില്‍ രൂപതക്കുളളിലെ ഭിന്നത പരോക്ഷമായി വ്യക്തമാക്കുന്ന വിശദീകരണ കുറിപ്പാണ് നാളെ പള്ളികളില്‍ വായിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതിരൂപത അംഗമായ യുവാവ് ജോലിയുടെ ഭാഗമായി കണ്ടെത്തിയ രേഖ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കുകയും അത് ഫാ. ജേക്കബ് മനന്തോടത്തിന് കൈമാറുകയും ചെയ്തു. പിന്നീട് ഈ രേഖകള്‍ സിനഡില്‍ അവതരിപ്പിച്ചു. രേഖകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഫാ. പോള്‍ തേലക്കാട്ടിനെയും ഫാ. ജേക്കബ് മനന്തോടത്തിനെയും പ്രതികളാക്കി. ഇവരെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും കര്‍ദ്ദിനാള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.

വൈദികര്‍ക്കാര്‍ക്കും ഇതില്‍ ഒരു പങ്കുമില്ല. വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. റിമാന്‍ഡിലുള്ള യുവാവിനെ മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് അതിരൂപതയുടെ സര്‍ക്കുലറില്‍ പറയുന്നത്. ഇതിനിടെ കേസില്‍ പ്രതിചേര്‍ത്ത ഫാ. ടോണിക്കല്ലൂക്കാന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് പള്ളിയില്‍ നോട്ടീസ് പതിപ്പിച്ചു.

ഫാ. ടോണിക്കല്ലൂകാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി 28ന് പരിഗണിക്കാന്‍ മാറ്റി. അതുവരെ വൈദികനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഒന്നാം പ്രതിയായ ഫാ. പോള്‍ തോലക്കാട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ആദിത്യ നല്‍കിയ ജാമ്യാപേക്ഷ 27ന് പരിഗണിക്കാന്‍ മാറ്റി.