LiveTV

Live

Kerala

പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കെ ടൈം ടേബിള്‍ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ഥികള്‍

മെയില്‍ പരീക്ഷ നടത്തില്ലെന്ന് പറഞ്ഞ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായാണ് മെയ് മാസത്തില്‍ തന്നെ പരീക്ഷ നടത്താനുള്ള തീരുമാനം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കെ ടൈം ടേബിള്‍ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ഥികള്‍

കാലിക്കറ്റ് സര്‍വ്വകലാശാല ബി.കോം, ബി.ബി.എ നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ടൈംടേബിള്‍ അഞ്ച് ദിവസം മാത്രം അവശേഷിക്കെ പ്രഖ്യാപിച്ച നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. മെയ് എട്ടിന് നടത്താനിരുന്ന പരീക്ഷ മെയ് 27ന് നടത്തുമെന്ന് അറിയിച്ച് സര്‍വ്വകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല പരീക്ഷാ ഭവനിലേക്ക് മാര്‍ച്ച് നടത്തി.

നാലാം സെമസ്റ്റര്‍ ബികോം പരീക്ഷകള്‍ നിശ്ചയിച്ചിരുന്ന തീയ്യതിയില്‍ നിന്ന് മാറ്റുന്നതായി കഴിഞ്ഞ മാസം പുറത്തുവിട്ട വിജ്ഞാപനത്തിലാണ് സര്‍വ്വകലാശാല പ്രഖ്യാപിച്ചത്. മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നുമായിരുന്നു വിജ്ഞാപനം. എന്നാല്‍ 10 ദിവസങ്ങള്‍ക്ക് ശേഷം മെയ് 18ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പരീക്ഷകള്‍ ഈ മാസം 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷ ആരംഭിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സര്‍വ്വകലാശാല കഴിഞ്ഞ 22ന് ടൈംടേബിള്‍ പുറത്തിറക്കിയത്. മെയില്‍ പരീക്ഷ നടത്തില്ലെന്ന് പറഞ്ഞ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായാണ് മെയ് മാസത്തില്‍ തന്നെ പരീക്ഷ നടത്താനുള്ള തീരുമാനം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഉപരിപഠനങ്ങള്‍ക്കായുള്ള പ്രവേശന പരീക്ഷകള്‍ പലതും സര്‍വ്വകലാശാല നല്‍കിയ ടൈംടേബിളിലെ തിയ്യതികളിൽ വരുന്നതും വിദ്യാര്‍ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കം നടത്താനായില്ലെന്നും സെമസ്റ്ററില്‍ തോറ്റാല്‍ ഒരു വര്‍ഷം നഷ്ടമാകുമെന്നിരിക്കെ മെയ് മാസത്തില്‍ പരീക്ഷകള്‍ നടത്തരുതെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.