LiveTV

Live

Kerala

കേരളത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി: ശ്രീധരന്‍പിള്ളയെ മാറ്റും, സുരേന്ദ്രന് സാധ്യത 

ജൂണില്‍ നടക്കുന്ന ആർ.എസ്.എസ് ബൈഠക്കിൽ നിർദേശങ്ങൾ സമർപ്പിക്കും. സംസ്ഥാന ഭാരവാഹികളിൽ പുതുമുഖങ്ങളുണ്ടാകും. ഉപതെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് സ്ഥാനാർഥികളെ നിശ്ചയിക്കും.

കേരളത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി: ശ്രീധരന്‍പിള്ളയെ  മാറ്റും, സുരേന്ദ്രന് സാധ്യത 

തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന ബി.ജെ.പിയിൽ അടിമുടി മാറ്റം വരുത്താൻ സാധ്യത. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി കെ.സുരേന്ദ്രനെ പരിഗണിച്ചേക്കും. കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ജൂണിൽ ചേരുന്ന ആർ.എസ്.എസ് ബൈഠക്കിൽ അന്തിമ രൂപം നൽകും.

അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കാലം മുതൽ വിമർശനം ഏറ്റുവാങ്ങുന്ന സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ മാറ്റികൊണ്ടുള്ള അഴിച്ചുപണിക്കാണ് ബി.ജെ.പി ഒരുങ്ങുന്നത്. നേരത്തേ പരിഗണനയിലുണ്ടായിരുന്ന കെ.സുരേന്ദ്രനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ കൂടുതൽ സാധ്യത. സംസ്ഥാന ഭാരവാഹികൾക്കും ഇളക്കം തട്ടും. വക്താക്കളടക്കമുള്ള സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെത്തും. ജില്ലാ അധ്യക്ഷൻമാരെയും മാറ്റാനാണ് സാധ്യത.

മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനാണ് പ്രഥമ പരിഗണന. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയില്ലെങ്കിൽ കുമ്മനം രാജശേഖരൻ മന്ത്രിയാവാനാണ് സാധ്യത. വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപിയെ പരിഗണിക്കുമെന്നാണ് സൂചന. അൽഫോൺസ് കണ്ണന്താനത്തെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് വിവരം. ഇപ്പോൾ കാൺപൂരിൽ നടക്കുന്ന ആർ.എസ്.എസ് ദേശീയ ബൈഠക്കിന് ശേഷം അടുത്ത മാസം 15ന് നടക്കുന്ന സംസ്ഥാന ബൈഠക്കിൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. അതിനു ശേഷമാകും അഴിച്ചുപണിയുണ്ടാവുക.