LiveTV

Live

Kerala

പി.ജെ ജോസഫിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാണി വിഭാഗം

സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാട് ജോസഫ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമിതിയിലെ ഭൂരിപക്ഷം ഉയര്‍ത്തിക്കാട്ടി പി.ജെയെ മെരുക്കാനാണ് ശ്രമം. 

 പി.ജെ ജോസഫിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാണി വിഭാഗം

പി.ജെ ജോസഫിനെ മെരുക്കാന്‍ മാണി വിഭാഗം കരുക്കള്‍ നീക്കുന്നു. തോമസ് ചാഴിക്കാടന്‍ വിജയിച്ച സാഹചര്യത്തിലാണ് ഈ നീക്കം. സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാട് ജോസഫ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമിതിയിലെ ഭൂരിപക്ഷം ഉയര്‍ത്തിക്കാട്ടി പി.ജെയെ മെരുക്കാനാണ് ശ്രമം. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിയില്ലെങ്കില്‍ സമ്മര്‍ദ്ദത്തിലാക്കി പാര്‍ട്ടിയില്‍ നിന്ന് പി.ജെയെ പുറത്ത് ചാടിക്കാനുളള ശ്രമമാണ് നടക്കുന്നത്.

സംസ്ഥാന സമിതി വിളിക്കില്ലെന്നും ചെയര്‍മാന്റെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെയും ചുമതല തനിക്കാണെന്നും പറയുന്ന ജോസഫിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങളാണ് മാണി വിഭാഗം നടത്തുന്നത്. പാര്‍ട്ടിയിലെ ഭൂരിപക്ഷ വെച്ച് ജോസഫിനെ മെരുക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനോടകം ഇക്കാര്യം പി.ജെ ജോസഫിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനം ജോസ് കെ.മാണിക്ക് വിട്ട് നല്കിയില്ലെങ്കില്‍ സംസ്ഥാന സമിതി ചേര്‍ന്ന് പി.ജെയെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാനുള്ള നീക്കം വരെ മാണി വിഭാഗം നടത്തിയേക്കും. പാര്‍ട്ടി ബൈലോയില്‍ ഇതിനുളള വകുപ്പുകള്‍ ഉണ്ടെന്നാണ് മാണി വിഭാഗം പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം കൊണ്ട് പി.ജെ ജോസഫ് തൃപ്തിപ്പെടണമെന്നാണ് മാണിവിഭാഗം പറയുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ.മാണിയെ ചെയര്‍മാനായി അംഗീകരിച്ചുകൊണ്ടുളള സമാവായ ശ്രമങ്ങള്‍ ഒരു തവണ കൂടി നടന്നേക്കും.

ഇതിനോടകം പാര്‍ലിമെന്ററി പാര്‍ട്ടിയിലെ ഭൂരിഭാഗം എം.എല്‍.എമാരും ജോസഫിനെതിരെ നിലപാട് എടുത്തു കഴിഞ്ഞു. എന്‍.ജയരാജും റോഷി അഗസ്തിയും പരസ്യമായി രംഗത്ത് വന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ പി.ജെയ്ക്ക് ചെയര്‍മാനായി അംഗീകരിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.