LiveTV

Live

Kerala

യു.ഡി.എഫ് തരംഗത്തിനിടയിലും ആലപ്പുഴയില്‍ സീറ്റ് നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസില്‍ ചര്‍ച്ച

ഷാനിമോള്‍ പരാജയപ്പെട്ടതിന് രമേശ് ചെന്നിത്തല മറുപടി പറയേണ്ടി വരുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

യു.ഡി.എഫ് തരംഗത്തിനിടയിലും ആലപ്പുഴയില്‍ സീറ്റ് നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസില്‍  ചര്‍ച്ച

യു.ഡി.എഫ് തരംഗത്തിനിടയിലും ആലപ്പുഴയില്‍ സീറ്റ് നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചക്ക് വഴി തുറക്കുന്നു. പ്രതിപക്ഷ നേതാവിന്റെ തട്ടകത്തില്‍നിന്ന് പ്രതീക്ഷിച്ച വോട്ട് കിട്ടാതിരുന്നത് തിരിച്ചടിക്ക് കാരണമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് ഇവിടെ വോട്ട് കുറഞ്ഞപ്പോള്‍ എന്‍.ഡി.എക്ക് വന്‍ വര്‍ധനയുണ്ടായത് രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടിലാക്കി.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം രണ്ടാമനായി നടക്കുന്ന കെ.വേണുഗോപാലിന്റെ സിറ്റിങ് സീറ്റായിരുന്നു ആലപ്പുഴ. എട്ട് നിയമസഭാ മണ്ഡലത്തില്‍ ആറിടത്തും ലീഡ് നേടിയിട്ടും ഷാനി മോള്‍ക്ക് വിജയിക്കാനായില്ല. 65 മുതല്‍ 5,844 വരെ ലീഡാണ് ഈ മണ്ഡലങ്ങളില്‍നിന്ന് കിട്ടിയത്. ആലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ നിയമസഭാ മണ്ഡലമായ ഹരിപ്പാടുനിന്നാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്. ഇത് പക്ഷെ കോണ്‍ഗ്രസ് ഇവിടെനിന്ന് പ്രതീക്ഷിച്ചതിന്റെ പകുതി പോലും എത്തിയില്ല.

15,000 മുതല്‍ 20,000 വരെ ലീഡ് പ്രതീക്ഷിച്ചിടത്താണ് അത് അയ്യായിരത്തില്‍ ഒതുങ്ങിയത്. ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് 61,445 വോട്ടാണ് ഷാനിമോള്‍ക്ക് കിട്ടിയത്. 2014ല്‍ കെ.സി വേണുഗോപാല്‍ നേടിയ വോട്ടിനേക്കാള്‍ 5242 വോട്ട് കുറവ്. 2016ല്‍ രമേശ് ചെന്നിത്തല നേടിയ വോട്ടുമായി താരതമ്യം ചെയ്യുന്പോള്‍ കുറവ് 14,535 വോട്ട്. ചെന്നിത്തല മത്സരിച്ചപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് കിട്ടിയത് 12,985 വോട്ട്. എന്നാല്‍ ഇത്തവണ അത് 26,238 വോട്ടായി ഉയര്‍ന്നു. 13,000ല്‍ അധികം വോട്ടിന്റെ വര്‍ധന. ഇടത് സ്ഥാനാർത്ഥിയുടെ സ്വന്തം സ്ഥലമായ അരൂരില്‍ വരെ ലീഡ് നേടിയിട്ടും ഷാനിമോള്‍ പരജായപ്പെട്ടതിന് രമേശ് ചെന്നിത്തല മറുപടി പറയേണ്ടിവരുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.