LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ധനവില ദിനംപ്രതി കൂടുന്നു

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസയാണ് കൂടിയത്

സംസ്ഥാനത്ത് ഇന്ധനവില ദിനംപ്രതി കൂടുന്നു

തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതിന് പിറകെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. സംസ്ഥാനത്ത് ഇന്നുമാത്രമായി പെട്രോളിനും ഡീസലിനും 14 പൈസയാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസ കൂടി.

തെരഞ്ഞെടുപ്പ് സമയത്ത് കുറഞ്ഞിരുന്ന ഇന്ധനവില വീണ്ടും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന 23ആം തിയതി സംസ്ഥാനത്ത് പെട്രോളിന് 8 പൈസയും ഡീസലിന് 9 പെസയും വര്‍ധിച്ചു. കഴിഞ്ഞ 3 ദിവസങ്ങളിലായി പെട്രോളിനുണ്ടായ വര്‍ദ്ധനവ് 37 പൈസയാണ്. 73 രൂപ 32 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് വര്‍ദ്ധിച്ചത് 40 പൈസ. ഒരാഴ്ചക്കുള്ളില്‍ ഒരു രൂപക്കടുത്ത് വര്‍ദ്ധനവ്. 70 രൂപ 17 പൈസയാണ് ഇന്നത്തെ ഡീസല്‍ വില. ദിനംപ്രതി ഇന്ധവില കൂടുന്നതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്.

അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് 19ന് ശേഷം അഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വര്‍ദ്ധിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് 68 വരെയെത്തിയ ഡീസല്‍ വില ഫലം പുറത്തു വന്നതിന് ശേഷം ദിനംപ്രതി കുതിച്ചുയരുകയാണ്. പെട്രോളിനും സമാനമായ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 14 പൈസയാണ് പെട്രോളിനും ഡീസലിനും വര്‍ദ്ധിച്ചത്.