LiveTV

Live

Kerala

ശബരിമല വിഷയം പരിശോധിക്കാന്‍ സി.പി.എം തീരുമാനം

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാട് തള്ളുന്നതാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

ശബരിമല വിഷയം പരിശോധിക്കാന്‍ സി.പി.എം തീരുമാനം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഉണ്ടായതിന് പിന്നാലെ ശബരിമല വിഷയം പരിശോധിക്കാന്‍ സി.പി.എം തീരുമാനം.വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിലേക്ക്‌ നയിച്ച കാരണങ്ങളെക്കുറിച്ച്‌ പ്രത്യേകം പരിശോധിക്കാന്‍ തീരുമാനിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാട് തള്ളുന്നതാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

ശബരിമല വിഷയം തെരഞ്ഞെടുപ്പിന് സ്വാധീനിച്ചിട്ടില്ലെന്നായിരിന്നു മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ ദിവസം വരെ അഭിപ്രായപ്പെട്ടിരുന്നത്.എന്നാല്‍ ഇതിനെ തള്ളുന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നിറക്കിയ പ്രസ്താവന. ഇടതുപക്ഷത്തിന്‌ സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളില്‍ കുറവുണ്ടായി. ഇതില്‍ ഒരു വിഭാഗം വോട്ടുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ലഭിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം അനന്ദന്‍ പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു ആനത്തലവട്ടത്തിന്റെ പ്രതികരണം.

ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാന കമ്മിറ്റി മുതല്‍ ബൂത്ത്‌ കമ്മിറ്റി വരെ പരിശോധന നടത്താനാണ് തീരുമാനം. ശബരിമല വിഷത്തിനൊപ്പം യു.ഡി.എഫിന് അനുകൂലമായ ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണവും തിരിച്ചടിക്ക് കാരണമായി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിമാകുമെന്ന പ്രചരണം ന്യൂനപക്ഷവോട്ടുകള്‍ യു.ഡി.എഫിലേക്ക് അടുപ്പിക്കാന്‍ കാരണമായെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമേ തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. ഈ മാസം 31,1 തിയതികളില്‍ തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി സംസ്ഥാന കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.