LiveTV

Live

Kerala

ജനവിധി മുഖ്യമന്ത്രിക്ക് എതിരെന്ന് കോണ്‍ഗ്രസ്

നാടുവാഴികളെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിയുടെ അഹന്തയ്ക്കുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

ജനവിധി മുഖ്യമന്ത്രിക്ക് എതിരെന്ന് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത തിരിച്ചടി മുഖ്യമന്ത്രിയ്‌ക്കെതിരായ ജനവിധിയാണെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ മാറി നില്‍ക്കണമെന്നാണ് വിധിയെഴുത്തിന്റെ അര്‍ത്ഥമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ദേശീയതലത്തില്‍ മതേതര ഐക്യത്തിന് എതിരായ നിലപാടാണ് പിണറായിയും കൊടിയേരിയും സ്വീകരിച്ചത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനെ പി.ബിയില്‍ എതിര്‍ത്തതാണ് ഇതിനുള്ള തെളിവ്. നാടുവാഴികളെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിയുടെ അഹന്തയ്ക്കുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണ് പിണറായി ചെയ്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിശാലമായ മതേതര ഐക്യത്തിന് എതിരാണ് സി.പി.എം നിലപാടെന്ന രാഷ്ട്രീയ പ്രചാരണമാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നതെന്ന് കൂടിയാണ് നേതാക്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.