LiveTV

Live

Kerala

ജനവിധി സര്‍ക്കാരിനെതിരല്ല, ശബരിമല ബാധിച്ചിട്ടില്ല; തിരിച്ചടി താത്കാലികമെന്നും മുഖ്യമന്ത്രി

രാഹുലിന്‍റെ വരവ് വോട്ട് മറിയാന്‍ മറ്റൊരു കാരണമായി. രാഹുല്‍ കേരളത്തില്‍ വന്നത് പരാജയഭീതി കൊണ്ട്. ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി

ജനവിധി സര്‍ക്കാരിനെതിരല്ല, ശബരിമല ബാധിച്ചിട്ടില്ല; തിരിച്ചടി താത്കാലികമെന്നും മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചടി താത്കാലികം മാത്രമാണ്. സ്ഥായിയായ ഫലമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. രാഹുല്‍ ഗാന്ധിയുടെ വരവ് വോട്ട് മറിയാന്‍ മറ്റൊരു കാരണമായി. രാഹുല്‍ കേരളത്തില്‍ വന്നത് പരാജയഭീതി കൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് മനസ്സിലാക്കാനായില്ല. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനാണ് കഴിയുകയെന്ന് ഒരു വിഭാഗം ചിന്തിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് ബാധിച്ചിട്ടില്ല. ശബരിമല ബാധിച്ചിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കി.

ബഹുജന പിന്തുണക്ക് ഉലച്ചില്‍ തട്ടാത്തതുകൊണ്ട് രാജിവെക്കേണ്ട കാര്യമില്ല. ജനവിധി സര്‍ക്കാരിനെതിരായ വിമര്‍ശനമല്ല. ശൈലി മാറ്റുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉത്തരം ഇങ്ങനെ- "എന്‍റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അതിനൊന്നും ഒരു മാറ്റവും വരില്ല. ഞാനിവിടെ വരെ എത്തിയത് ഈ ശൈലിയിലൂടെയാണ്. അതിനിയും തുടരും. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തും”.