LiveTV

Live

Kerala

ശബരിമല പ്രശ്നം തൃശൂരിലെ തോല്‍വിയുടെ ആഘാതം കൂട്ടിയെന്ന് ഇടത് മുന്നണി വിലയിരുത്തല്‍

ഇടത് മേധാവിത്വമുണ്ടായിരുന്ന ഹൈന്ദവ ഭൂരിപക്ഷ ബൂത്തുകളില്‍ പലയിടത്തും ബി .ജെ.പി ക്ക് കാര്യമായി സ്വാധീനമുണ്ടാക്കാനായിട്ടില്ല

ശബരിമല പ്രശ്നം തൃശൂരിലെ തോല്‍വിയുടെ ആഘാതം കൂട്ടിയെന്ന് ഇടത് മുന്നണി വിലയിരുത്തല്‍

ശബരിമല പ്രശ്നം തൃശൂരിലെ തോല്‍വിയുടെ ആഘാതം കൂട്ടിയെന്ന് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. ശബരിമല വിഷയം സര്‍ക്കാര്‍ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് സി.പി.ഐ നേതാവും മുന്‍ എം.പിയുമായ സി എന്‍ ജയദേവന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വൈകിയത് ബി.ജെ.പി പ്രതീക്ഷകളെ തകിടം മറിച്ചെന്ന് ജില്ല നേതൃത്വം പ്രതികരിച്ചു.

പതിനായിരം വോട്ടില്‍ വിജയ പ്രതീക്ഷ വെച്ച യു.ഡി.എഫിന് തൃശൂര്‍ നല്‍കിയത് അപ്രതീക്ഷിത വിജയം. മതന്യൂനപക്ഷങ്ങളുടെ കലവറയില്ലാത്ത പിന്തുണക്കൊപ്പം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഇടത് അനുഭാവികളിലുണ്ടാക്കിയ നീരസം വലിയ തോതില്‍ യു.ഡി.എഫിനെ തുണച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇടത് അനുഭാവികളുടെ വോട്ട് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ചോര്‍ന്നത് യു.ഡി.എഫിലേക്കെന്ന് കണക്കുകള്‍ പറയുന്നു.

ശബരിമല പ്രശ്നം തൃശൂരിലെ തോല്‍വിയുടെ ആഘാതം കൂട്ടിയെന്ന് ഇടത് മുന്നണി വിലയിരുത്തല്‍

ഇടത് മേധാവിത്വമുണ്ടായിരുന്ന ഹൈന്ദവ ഭൂരിപക്ഷ ബൂത്തുകളില്‍ പലയിടത്തും ബി.ജെ.പിക്ക് കാര്യമായി സ്വാധീനമുണ്ടാക്കാനായിട്ടില്ല. എന്നാല്‍ ഇവിടെ ഇടത് വോട്ടുകള്‍ കുത്തനെ കുറയുകയും യു.ഡി.എഫ് വോട്ടുകള്‍ ഇരട്ടിയിലധികം വര്‍ധിക്കുകയും ചെയ്തു. ശബരിമല വിഷയം ബാധിച്ചെന്ന ഇടത് തിരിച്ചറിവ് ഈ കണക്കുകളുടെ ബലത്തിലാണ്.

നായര്‍ സമുദായത്തിന് മേധാവിത്വമുള്ള തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ശബരിമല വിഷയം ബി.ജെ.പിയെയാണ് തുണച്ചത്. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ മണ്ഡലം കൂടിയായ ഇവിടെ ബി.ജെ.പി യു.ഡി.എഫിന് രണ്ടാം സ്ഥാനത്തെത്തി എല്ലാ നിയമസഭ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ഇത്തവണ വോട്ട് വര്‍ധന ഉണ്ടായിട്ടുണ്ട്.

ഇടത് വോട്ടുകള്‍ യു.ഡി.എഫിലേക്കൊഴുകിയതിന്റെ കാരണം ഇടത് നേതൃത്വം വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ല നേതൃത്വം ആവശ്യപ്പെട്ടു, സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയില്ലായിരുന്നുവെങ്കില്‍ തൃശൂരിന്റെ വിധി മറ്റൊന്നാകുമായിരുന്നുവെന്ന് ജില്ല പ്രസിഡണ്ട് എ നാഗേഷ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതില്‍ ഒന്നര ലക്ഷം വോട്ടിന്റെ കുറവാണ് ഇടത് മുന്നണിക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. മോദി വിരുദ്ധതയില്‍ മത ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യു.ഡി.എഫി നൊപ്പം നിന്നുവെന്ന മറുപടി മതിയാകില്ല ഇടതിന് തൃശൂരില്‍. ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ബി.ജെ.പി സ്വാധീനം കാര്യമായി വര്‍ധിപ്പിക്കുന്നത് ഇടതിനൊപ്പം യു.ഡി.എഫിനെയും ആശങ്കയിലാക്കുന്നുണ്ട് തൃശൂരില്‍.