LiveTV

Live

Kerala

തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ എന്‍.ഡി.എയില്‍ പടലപ്പിണക്കം

വയനാട്ടിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടാത്ത സ്ഥിതിയാണ്. 

തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ എന്‍.ഡി.എയില്‍ പടലപ്പിണക്കം

പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ എന്‍.ഡി.എയില്‍ പടലപ്പിണക്കം. സംസ്ഥാനത്ത് ബി.ജെ.പി വോട്ട് വർധിപ്പിച്ചപ്പോൾ ആ നേട്ടമുണ്ടാക്കാന്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് സാധിച്ചിട്ടില്ല. വയനാട്ടിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടാത്ത സ്ഥിതിയാണ്. ബി.ജെ.പിയുടെ സഹായം പല മണ്ഡലങ്ങളിലും ലഭിച്ചിട്ടില്ലെന്ന പരാതി ഉന്നയിക്കാനൊരുങ്ങുകയാണ് ബി.ഡി.ജെ.എസ്.

സംസ്ഥാനത്ത് എൻ.ഡി.എയുടെ സ്ഥാനാർഥി പട്ടികയിൽ തുഷാർ വെള്ളാപ്പള്ളിയുണ്ടാകണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. ഇതിനായി ബി.ജെ.പിയുടെ എ പ്ലസ് വിഭാഗത്തിൽ പെട്ട സീറ്റായ തൃശൂർ വിട്ടു നൽകുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തോടെ ഇവിടേക്ക് മാറിയ തുഷാർ വെള്ളാപ്പള്ളി ഫലം പുറത്ത് വന്നപ്പോൾ സംസ്ഥാനത്ത് എൻ.ഡി.എയിൽ പതിനെട്ടാമനായി മാറി . 78816 വോട്ടാണ് തുഷാറിന് ലഭിച്ചത്. ഇത് വലിയ തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. ബി.ഡി.ജെ.എസിന്റെ സംസ്ഥാനത്തെ നേതാക്കളെല്ലാം വയനാട്ടിലെത്തി പ്രചാരണം നടത്തിയിട്ടും ഫലമുണ്ടായില്ല. ബി.ഡി.ജെ.എസ് മത്സരിച്ച ഇടുക്കിയിൽ ബിജു കൃഷ്ണൻ 78,648 വോട്ടും ആലത്തൂരിൽ ടിവി ബാബുവിന് 89,837 വോട്ടും ലഭിച്ചപ്പോൾ മാവേലിക്കരയിൽ മത്സരിച്ച തഴവാ സഹദേവനാണ് ഒരു ലക്ഷം കടക്കാനായത്.

1,33,546 വോട്ട്. വോട്ട് വർധിച്ചുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇവിടെ ലഭിക്കാനാകാഞ്ഞത് ബിജെപി പ്രചാരണ രംഗത്തില്ലാതിരുന്നതാണെന്നാണ് ആരോപണം. മറ്റൊരു ഘടക കക്ഷിയായ കേരള കോൺഗ്രസിന്റെ പിസി തോമസ് കോട്ടയത്ത് 1,55,135 വോട്ട് നേടിയിട്ടും ബി.ഡി.ജെ.എസിന് നേട്ടമുണ്ടാക്കാനാവാഞ്ഞത് നാടക്കേടായെന്നാണ് വിമർശം. പ്രതീക്ഷിച്ച വോട്ട് കുറഞ്ഞത് സംസ്ഥാന ബി.ജെ.പിയുമായി ബി.ഡി.ജെഎസിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ആക്കം കൂട്ടും. ഇപ്പോൾ ഡൽഹിയിലുള്ള തുഷാർ ബി.ജെ.പി ദേശീയ നേതൃത്വമായി സംസാരിക്കുമെന്നാണ് സൂചന.