LiveTV

Live

Kerala

നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിലും യു.ഡി.എഫിന് വൻമുന്നേറ്റം

140 നിയമസഭ മണ്ഡലങ്ങളിൽ 121 ഇടത്തും യു.ഡി.എഫ് മുന്നിലെത്തി. എൽ.ഡി.എഫിൻറ ലീഡ് 18 മണ്ഡലങ്ങളിലൊതുങ്ങിയപ്പോൾ ബി.ജെ.പിക്ക് നേമത്ത് മാത്രമാണ് മുന്നിലെത്താനായത്.

നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിലും യു.ഡി.എഫിന് വൻമുന്നേറ്റം

സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുളള വോട്ട് വിഹിതത്തിലും യു.ഡി.എഫിന് വൻമുന്നേറ്റം. 140 നിയമസഭ മണ്ഡലങ്ങളിൽ 121 ഇടത്തും യു.ഡി.എഫ് മുന്നിലെത്തി. എൽ.ഡി.എഫിൻറ ലീഡ് 18 മണ്ഡലങ്ങളിലൊതുങ്ങിയപ്പോൾ ബി.ജെ.പിക്ക് നേമത്ത് മാത്രമാണ് മുന്നിലെത്താനായത്. കോഴിക്കോട്, വയനാട്, പൊന്നാനി, മലപ്പുറം, ആലത്തൂർ, തൃശൂർ, ചാലക്കുടി, മാവേലിക്കര, ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുളള മുഴുവൻ നിയമസഭ മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരി.

പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ആറ്റിങ്ങൽ, വടകര എന്നിവിടങ്ങളിൽ ഒരു സീറ്റ് മാത്രമാണ് യു.ഡി.എഫിന് നഷ്ടമായത്. പി.ജയരാജന് തലശ്ശേരിയിൽ മാത്രം ലീഡ് ലഭിച്ചപ്പോൾ പത്തനംതിട്ടയിൽ എൽ.ഡി.എഫ് മുന്നേറ്റം അടൂരിൽ മാത്രമായി ഒതുങ്ങി. ആറ്റിങ്ങലിലാകട്ടെ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ നേരിയ ലീഡിൽ എൽ.ഡി.എഫിന് തൃപ്തിപ്പെടേണ്ടിവന്നു.

കാസർക്കോട് 7ൽ നാല് നിയമസഭാ മണ്ഡലത്തിലും മുന്നിലെത്തിയത് കെ.പി സതീഷ് ചന്ദ്രനാണ്. പക്ഷേ കാസർകോടും മഞ്ചേശ്വരത്തും സതീഷ് ചന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളാനായതോടെ അന്തിമ ജയം രാജ്മോഹൻ ഉണ്ണിത്താനായി. പാലക്കാടും 7ൽ നാല് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മുന്നിലെത്തിയെങ്കിലും മണ്ണാർക്കാട്ടേയും പട്ടാമ്പിയിലേയും കനത്ത ലീഡിൽ യു.ഡി.എഫ് അത് മറികടന്നു.