LiveTV

Live

Kerala

മോദി വിരുദ്ധ വികാരം, ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം.. കേരളത്തില്‍ സംഭവിച്ചത്

കോണ്‍ഗ്രസ് സംഘടനാ ദൌര്‍ബല്യം വെല്ലുവിളിയായ മണ്ഡലങ്ങളില്‍ പോലും വന്‍ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്.

മോദി വിരുദ്ധ വികാരം, ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം.. കേരളത്തില്‍ സംഭവിച്ചത്

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ യു.ഡി.എഫിനുണ്ടായത്. മോദി വിരുദ്ധ വികാരവും ശബരിമല വിവാദവും യു.ഡി.എഫിന് നേട്ടമായി. എന്നാല്‍ പ്രകടമായ മുന്‍തൂക്കം നല്‍കിയത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ്. രാഹുല്‍ ഗാന്ധിയുടെ വരവ് ഇതിന് ആക്കംകൂട്ടി.

കണക്കുകൂട്ടലുകള്‍ക്കും പ്രവചനങ്ങള്‍ക്കും അപ്പുറമുള്ള വിജയം. 20ല്‍ 20ഉം കിട്ടുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ നേതാക്കള്‍ പോലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസ് സംഘടനാ ദൌര്‍ബല്യം വെല്ലുവിളിയായ മണ്ഡലങ്ങളില്‍ പോലും വന്‍ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഏകപക്ഷീയമായ വിജയം കോണ്‍ഗ്രസിന് സമ്മാനിച്ചത്. ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും പ്രതിരോധിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ട് ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുമുന്നണികള്‍ക്കും ഇക്കാര്യത്തില്‍ സംശയമില്ല.

മുസ്‍ലിം സംഘടനകള്‍ പരസ്യമായി യു.ഡി.എഫിന് പിന്തുണ നല്‍കി. മുസ്‍ലിം പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യു.ഡി.എഫിന് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തി. നിര്‍ണായകമായ പല മണ്ഡലങ്ങളിലും യു.ഡി.എഫിന് ഇത് അനായാസ വിജയമൊരുക്കി. തിരുവനന്തപുരം, വടകര, കാസര്‍കോട് മണ്ഡലങ്ങളിലെ ഫലങ്ങളില്‍ ഇത് പ്രകടമാണ്. മോദിയെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ആക്കം കൂട്ടി. ഇതോടെ മുസ്‍ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ഉറച്ച ഇടത് വോട്ടുകള്‍ പോലും യു.ഡി.എഫിലേക്ക് ഒഴുകി.