LiveTV

Live

Kerala

എന്‍.ഡി.എ തരംഗത്തിനിടയിലും കേരളത്തില്‍ താമര കരിഞ്ഞുണങ്ങി  

വിജയമുറപ്പിച്ച് എല്ലാ ആയുധവും പുറത്തെടുത്ത തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് ശശി തരൂരിനെ വിറപ്പിക്കാന്‍ പോലുമായില്ല.

എന്‍.ഡി.എ തരംഗത്തിനിടയിലും കേരളത്തില്‍ താമര കരിഞ്ഞുണങ്ങി  

ദേശീയ രാഷ്ട്രീയത്തില്‍ മികച്ച വിജയം കൊയ്തപ്പോഴും സംസ്ഥാനത്ത് താമര കരിഞ്ഞുണങ്ങുന്നത് കണ്ട് നില്‍ക്കാനാണ് ബി.ജെ.പിയുടെ വിധി. വിജയമുറപ്പിച്ച് എല്ലാ ആയുധവും പുറത്തെടുത്ത തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് ശശി തരൂരിനെ വിറപ്പിക്കാന്‍ പോലുമായില്ല. പ്രചാരണത്തില്‍ ആവേശം സൃഷ്ടിച്ച പത്തനംതിട്ടയിലും തൃശൂരിലും ഫലപ്രഖ്യാപന ദിവസം ബി.ജെ.പി അപ്രസക്തമായി.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വളരെ നേരത്തെ പ്രചാരണം തുടങ്ങിയതാണ് ബി.ജെ.പി. ശബരിമലയടക്കം കിട്ടാവുന്ന സാമുദായിക വിഷയങ്ങളെല്ലാം പരമാവധി ആളിക്കത്തിച്ചു. അവസാന ഘട്ടത്തില്‍ ആര്‍.എസ്.എസിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ പഴുതടച്ച പ്രചാരണവും നടത്തി. എല്ലാം നിഷ്ഫലമായി.

തിരുവനന്തപുരം പിടിക്കാനാണ് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് കളത്തിലിറക്കിയത്. എന്നാല്‍ രാജഗോപാല്‍ സൃഷ്ടിച്ച വെല്ലുവിളി പോലും തരൂരിന് എതിരെ ഉയര്‍ത്താന്‍ ഒരു ഘട്ടത്തിലും കുമ്മനത്തിനായില്ല. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ രംഗത്തിറക്കിയത് ശബരിമലയുടെ പശ്ചാത്തലത്തിലാണ്. ഇവിടെ രണ്ടാം സ്ഥാനത്തുപോലും എത്തിയില്ല. പ്രചാരണ രംഗത്ത് വലിയ അലയൊലികള്‍ സൃഷ്ടിച്ച തൃശൂരില്‍ വോട്ടെണ്ണിയപ്പോള്‍ സുരേഷ് ഗോപി അപ്രസക്തനായി.

പത്തനംതിട്ടയിലും തൃശൂരിലും പാലക്കാടും കൂടുതല്‍ വോട്ട് സമാഹരിക്കാനായി എന്നതാണ് ഏക ആശ്വാസം. സി.പി.എം കോലീബി ബന്ധം ആരോപിച്ച മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായില്ല. പക്ഷേ ഇത്രയും അനുകൂല സാഹചര്യമുണ്ടായിട്ടും കടുത്ത വെല്ലുവിളി പോലുമാകാന്‍ കഴിയാത്തത് ബി.ജെ.പിക്കുള്ളില്‍ വിവാദമായിക്കഴിഞ്ഞു. പരിധിവിട്ട ശബരിമല പ്രതിഷേധം തിരിച്ചടിച്ചുവെന്ന വിമര്‍ശം ബി.ജെ.പിക്കുള്ളിലെ വിഭാഗീയത രൂക്ഷമാക്കും.