LiveTV

Live

Kerala

നാല് എം.എല്‍.എമാര്‍ക്ക് വിജയം; തിരിച്ചടിയേറ്റത് അഞ്ച് പേര്‍ക്ക്

സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

നാല് എം.എല്‍.എമാര്‍ക്ക് വിജയം; തിരിച്ചടിയേറ്റത് അഞ്ച് പേര്‍ക്ക്

അഞ്ച് സിറ്റിങ് എം.എല്‍.എമാരാണ് ലോക്സഭയിലേക്ക് ജനവിധി തേടി തിരിച്ചടി ഏറ്റുവാങ്ങിയത്. എന്നാല്‍ നാല് പേര്‍ വിജയിച്ചു. ഇതോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

ഒന്‍പത് സിറ്റിങ് എം.എല്‍.എമാരാണ് ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചത്. ആറ് പേര്‍ എല്‍.ഡി.എഫിലും മൂന്ന് പേര്‍ യു.ഡി.എഫിലും. ഇതില്‍ അഞ്ച് പേരും തോറ്റു. തോറ്റവരെല്ലാം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് മത്സരിച്ച സി ദിവാകരന്‍, പത്തനംതിട്ടയിലെ വീണ ജോര്‍ജ്, കോഴിക്കോട്ടെ എ പ്രദീപ് കുമാര്‍, പൊന്നാനിയിലെ പി.വി അന്‍വര്‍, മാവേലിക്കരയിലെ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കാണ് തിരിച്ചടിയേറ്റത്. എന്നാല്‍ അരൂര്‍ എം.എല്‍എ എ.എം ആരിഫ് കഷ്ടിച്ച് കടന്നുകൂടി.

വടകരയില്‍ കെ മുരളീധരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും എറണാംകുളത്ത് ഹൈബി ഈഡനും മികച്ച വിജയം നേടി. ഇവര്‍ പ്രതിനിധീകരിക്കുന്നത് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, പത്തനംതിട്ടയിലെ കോന്നി, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങള്‍. എം.എല്‍.എമാര്‍ മരിച്ചതിനെ തുടര്‍ന്ന് കെ.എം മാണിയുടെ പാലായും പി.ബി അബ്ദുറസാഖിന്റെ മഞ്ചേശ്വരവും ഇപ്പോള്‍ തന്നെ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതടക്കം ആറിടത്താണ് ഇനി ഉപതെരഞ്ഞെടുപ്പ് വേണ്ടിവരിക.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ആറിടത്തും യു.ഡി.എഫിനാണ് മുന്‍തൂക്കം. വട്ടിയൂര്‍ക്കാവില്‍ 2853 വോട്ടിന്റെ ലീഡ്. ഇവിടെ രണ്ടാമത് ബി.ജെ.പിയാണ്. ഇവിടെയും കോന്നിയിലും ത്രികോണ മത്സരം ഉറപ്പായി. എന്നാല്‍ സിറ്റിങ് എം.എല്‍.എ എ.എം ആരിഫ് തന്നെ ഇടത് സ്ഥാനാര്‍ഥിയായിട്ടും അരൂരില്‍ യു.ഡി.എഫ് മുന്നിലെത്തി. മഞ്ചേശ്വരത്ത് 11,000ല്‍ അധികം വോട്ടിന്റെ ലീഡ് കോണ്‍ഗ്രസിനുണ്ട്.