LiveTV

Live

Kerala

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടിക്കാറാം മീണ

വോട്ടെണ്ണലിനായി അധികം ഉദ്യോഗസ്ഥരെ നിയോഗിച്ചു. 

 വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടിക്കാറാം മീണ

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു. പന്ത്രണ്ട് മണിയോടെ വ്യക്തമായ ട്രെൻഡ് പുറത്തു വരുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

20 റിട്ടേണിംഗ് ഓഫീസർമാർക്ക് കീഴിൽ പോസ്റ്റൽ ബാലറ്റുകൾ എട്ടുമണിക്ക് തന്നെ എണ്ണി തുടങ്ങും. ഈ ടേബിളുകളിൽ എട്ടരയോടെയാകും വോട്ടിംഗ് മെഷീൻ എണ്ണുക. എന്നാൽ പോസ്റ്റൽ ബാലറ്റ് എണ്ണാത്ത ടേബിളുകളിൽ എട്ടു മണിക്ക് തന്നെ വോട്ടിംഗ് മെഷീൻ എണ്ണൽ ആരംഭിക്കും. രാത്രി എട്ടു മണിയോടെ വിവിപാറ്റ് എണ്ണൽ അടക്കമുള്ള പ്രക്രിയ പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും ടിക്കാറാം മീണ പറഞ്ഞു. തിരക്കു പിടിച്ച് എണ്ണരുതെന്നും കൃത്യതക്ക് പ്രാധാന്യം നൽകണമെന്നും റിട്ടേണിംഗ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടിംഗ്‌ മെഷിനിലെ വോട്ടും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടാവുമ്പോൾ വിവിപാറ്റ് വിധി സ്ഥാനാർത്ഥികൾ അംഗീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം സംസ്ഥാത്തെ 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം. കേന്ദ്ര കേരള സേനയുടെ സഹായത്തോടെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.