LiveTV

Live

Kerala

സിറോ മലബാര്‍ വ്യാജരേഖാ കേസ്; ആദിത്യന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ആദിത്യന്‍ തന്നെ പൊലീസ് മര്‍ദ്ദിച്ചതായി മൊഴി നല്‍കി. 

സിറോ മലബാര്‍ വ്യാജരേഖാ കേസ്; ആദിത്യന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

സിറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ അറസ്റ്റിലായ ആദിത്യന്റെ കസ്റ്റഡി അപേക്ഷയിന്‍മേലുള്ള വാദം തുടരുന്നു. കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ആദിത്യന്‍ തന്നെ പൊലീസ് മര്‍ദ്ദിച്ചതായി മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസിലെ നാലാം പ്രതിയായ ഫാദര്‍ ടോണി കല്ലൂക്കാരന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.

വ്യാജരേഖാ കേസില്‍ ഫാദര്‍ ടോണി കല്ലൂക്കാരനെ കൂടി പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് മൂന്നാം പ്രതി ആദിത്യനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി സമര്‍പ്പിച്ചത്. എന്നാല്‍ കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായും നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതായും ആദിത്യന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിയുടെ രഹസ്യമൊഴി കേള്‍ക്കാന്‍ കോടതി തയ്യാറായത്. തുടര്‍ന്ന് ആദിത്യനെ വൈദ്യ പരിശോധനക്ക് വിധേയമാക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

കസ്റ്റഡി അപേക്ഷയിന്‍മേലുള്ള പൊലീസിന്റെ വാദം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. അതോടൊപ്പം തന്നെ പ്രതിഭാഗത്തിന്റെ ജാമ്യാപേക്ഷയിന്‍മേലുള്ള വാദവും കോടതി ഇന്ന് പരിഗണിക്കും. അതേ സമയം കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഫാദര്‍ ടോണി കല്ലൂക്കാരന്‍ തീരുമാനിച്ചത്. എന്നാല്‍ ഫാദര്‍ കല്ലൂകാരന്റെ ഓഫീസിലും കമ്പ്യൂട്ടറിലും പരിശോധന നടത്തിയിരുന്നെങ്കിലും വൈദികനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സാധിച്ചില്ല.