LiveTV

Live

Kerala

കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു

സ്റ്റേഷനിൽ കൊണ്ടുവന്ന നവാസിനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയ്യാറായില്ല എന്നാണ് ആരോപണം

കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു

മണർകാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യൻ,എ. എസ്.ഐ പ്രസാദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്തയാളെ ശ്രദ്ധിക്കുന്നതില്‍ ഇവർക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അതേസമയം മരിച്ച നവാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിലാണ് മണർകാട് സ്റ്റേഷനിലെ സി.പി.ഒ സെബാസ്റ്റ്യനും ജി.ഡി ചാർജിൽ ഉണ്ടായിരുന്ന എ.എസ്.ഐ പ്രസാദിനും വീഴ്ച പറ്റിയതായി കണ്ടെത്തിയത്. സ്റ്റേഷനിൽ കൊണ്ടുവന്ന നവാസിനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ ഇവർ തയ്യാറായില്ല. 9.13 ന് ഇയാള്‍ ശുചി മുറിയിൽ കയറുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ സി.സി.ടി പരിശോധിക്കാതെ ഇയാളെ ഒരു മണിക്കൂറോളം' പൊലീസ് തിരഞ്ഞു. തുടർന്ന് 10.53 ഓടെയാണ് നവാസിനെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത് പൊലീസിനുണ്ടായ ശ്രദ്ധക്കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ മണർകാട് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്താൻ ഡി.ജി.പി നിർദ്ദേശിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ഇന്നലെതന്നെ പൂർത്തിയായിരുന്നു.

ഇന്നലെ രാവിലെയാണ് നവാസിനെ തൂങ്ങി മരിച്ച നിലയിൽ മണർകാട് സ്റ്റേഷന്‍റെ ശുചിമറിയിൽ കണ്ടെത്തുന്നത്. വീട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഭാര്യയടക്കമുള്ള ബന്ധുക്കൾ നവാസിനെതിരെ പരാതിയും നല്‍കിയിരുന്നു